സെക്രട്ടേറിയറ്റിൽ അഞ്ഞൂറിലേറെ തസ്തികകളിൽ ഇനി കംപ്യൂട്ടർ വിദഗ്ധർ വരും
October 9, 2019 3:51 pm
0
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ 546 ഓഫിസ് അറ്റൻഡന്റ് തസ്തിക അധികമാണെന്നു കണ്ടെത്തി നിർത്തലാക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗം സർക്കാരിനോടു ശുപാർശ ചെയ്തു. ഇ–ഗവേണൻസിന്റെ ഭാഗമായി ഭാവിയിൽ നിശ്ചിത ഒഴിവുകളിലേക്ക് ഇതേ കേഡറിൽ കംപ്യൂട്ടർ വൈദഗ്ധ്യമുള്ളവരെ നിയമിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പു സെക്രട്ടറിമാരുടെ യോഗം ശുപാർശ അംഗീകരിച്ചു.
നിലവിൽ സെക്രട്ടേറിയറ്റിൽ 16500-35700 ശമ്പള സ്കെയിലിൽ ഓഫിസ് അറ്റൻഡന്റുമാരുടെ 836 തസ്തികയുണ്ട്. തുടക്കത്തിൽ 25000 രൂപയ്ക്കു മേലാണു ശമ്പളം. ഇവരിൽ 290 പേർക്കേ എന്തെങ്കിലും ജോലിയുള്ളൂവെന്നും ബാക്കി 546 പേർ വെറുതെയിരിക്കുകയാണെന്നും ഭരണപരിഷ്കരണ വിഭാഗം കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇനി ഒഎ വിഭാഗത്തിലെ ഒഴിവുകൾ നികത്തില്ല. പകരം അവ കംപ്യൂട്ടർ വിദഗ്ധരുടെ ഒഴിവുകളായി മാറും.
അധികം വരുന്ന തസ്തികയിൽ നിശ്ചിത എണ്ണം കംപ്യൂട്ടർ വിദഗ്ധർക്കു നീക്കിവച്ചു ബാക്കി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സെക്‌ഷൻ ഓഫിസർ തസ്തികകളിലേക്കു മാറ്റാനും ശുപാർശയുണ്ട്. സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറി മുതൽ പ്രിൻസിപ്പൽ സെക്രട്ടറി വരെ 308 പേരാണ്. അതിന്റെ മൂന്നിരട്ടിയാണ് ഓഫിസ് അറ്റൻഡന്റുമാർ. നിലവിൽ ഇ ഗവേണൻസുമായി ബന്ധപ്പെട്ടു കംപ്യൂട്ടർ വിദഗ്ധരെ പുറത്തു നിന്നാണു നിയോഗിക്കുന്നത്. പലപ്പോഴും ആവശ്യാനുസരണം ഇവരുടെ സേവനം ലഭിക്കാറില്ല. ഒഎ തസ്തികയിൽ 546 പേർ ജോലിയില്ലാതിരിക്കുമ്പോഴാണു പണം നൽകി പുറമേ നിന്ന് ആളെ എടുക്കുന്നത്.