വാഹനത്തിനു സൈഡ് കൊടുക്കത്തിനെ ചൊല്ലി ഉള്ള തർക്കത്തിൽ അരുംകൊല
September 28, 2019 3:52 pm
0
തിരുവനന്തപുരം∙ വാഹനത്തിന് സൈഡു നൽകിയില്ലെന്നതിന്റെ പേരിൽ യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച രാത്രി ആഴാകുളം ജംക്‌ഷനിലാണ് സംഭവം. കുത്തേറ്റ കോവളം തൊഴിച്ചൽ പുളിനിന്നവിള തോട്ടരികത്ത് വീട്ടിൽ സുഗുണൻ–രാഗിണി ദമ്പതിമാരുടെ മകൻ സുരാജ്(23) ആണ് മരിച്ചത്.
സുഹൃത്തും അയൽ വാസിയുമായ വിനീഷ് ചന്ദ്രൻ(21) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തോടനുബന്ധിച്ച് ഓട്ടോ ഡ്രൈവർ കോവളം തൊഴിച്ചൽ നിവാസി മനു(28) കോവളം പൊലീസ് കസ്റ്റഡിയിലാണ്. കുത്തേറ്റവരും പ്രതിയുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ വാഹനത്തിനു സൈഡു നൽകിയില്ലെന്ന പേരിൽ ഇവർ തമ്മിൽ കോവളം ജംക്‌ഷനു സമീപം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. രാത്രിയിൽ ഇതു ചോദിക്കാനായി വിനീഷും സുരാജും എത്തിയപ്പോഴുണ്ടായ സംഘട്ടനത്തിനിടെയാണ് ഇരുവര്‍ക്കും കുത്തേറ്റതെന്നു പൊലീസ് പറഞ്ഞു. ആഴാകുളം ജംക്‌ഷനിൽ പ്രതിയുടെ പിതാവ് നടത്തുന്ന തട്ടുകടയുടെ സമീപമായിരുന്നു സംഘട്ടനം. പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പ്രതിയുടെ മാതാവിനും സാരമായി പരുക്കേറ്റു.