ഭീകരതയെ തുരത്താൻ ഇന്ത്യ ഒറ്റക്കെട്ടായി പോരാടണം: മോദി
September 28, 2019 3:36 pm
0
ന്യൂയോർക്ക് ∙ ഭീകരതയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണമെന്നു യുഎൻ പൊതുസഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധനു ജന്മം നൽകിയ രാജ്യമാണ് ഇന്ത്യ. ശാന്തിയുടെ സന്ദേശം നൽകിയ രാജ്യം. യുദ്ധമല്ല, ലോകശാന്തിക്കായി ഞങ്ങൾ നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഭാഗമാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു രാജ്യത്തിന്റെയല്ല, മുഴുവൻ ലോകത്തിന്റെ വെല്ലുവിളിയാണു ഭീകരത. അതു തകർത്തു കളയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപിതലക്ഷ്യത്തെയാണ്. ഭീകരതയ്ക്കെതിരെ ലോകം കൈകോർക്കണമെന്നത് അനിവാര്യമാണ്– മോദി പറഞ്ഞു.
കശ്മീർ വിഷയം ഉന്നയിക്കാതെയും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെയുമായിരുന്നു ഭരണനേട്ടങ്ങളുടെ അവലോകന രൂപത്തിലുള്ള മോദിയുടെ പ്രസംഗം. 2014 നു ശേഷം ഇതു രണ്ടാം തവണയാണു മോദി പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷ വേളയിൽ പൊതുസഭ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് അഭിമാന നിമിഷമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജി നൽകിയ സത്യം, അഹിംസ സന്ദേശങ്ങളാണു വിശ്വശാന്തിയുടെയും വികസനത്തിന്റെയും കാതൽ.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെതിരെ സന്ദേശം അവിടെ ചുമരിൽ വായിച്ചതിനെക്കുറിച്ചു സൂചിപ്പിച്ച് ഇന്ത്യയിൽ ആ യജ്ഞം തുടങ്ങിക്കഴിഞ്ഞെന്നു മോദി പറഞ്ഞു.
ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യം ശുചിത്വയജ്ഞം വിജയകരമായി നടപ്പാക്കുന്നു എന്നത് അസാധാരണമായ നേട്ടമാണ്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ: ജനപങ്കാളിത്തത്തോടെ ജനക്ഷേമം. ഭാരത സംസ്കാരത്തിന്റെ ഭാഗമാണത്.
കർത്തവ്യബോധത്തോടെ, 130 കോടി ഇന്ത്യക്കാരെ മനസ്സിൽ കരുതിയുള്ള പ്രയത്നങ്ങളാണു നടത്തുന്നതെങ്കിലും അതിനു പിന്നിലെ സ്വപ്നങ്ങൾ ഈ മുഴുവൻ ലോകത്തിന്റേതുമാണ്. ഇന്ത്യക്കാർക്കു വേണ്ടിയാണെങ്കിലും അവ ലോകത്തിനും പ്രയോജനപ്പെടുന്നു. വികസനയാത്രയിൽ ഇന്ത്യയെപ്പോലെ ശ്രമം നടത്തുന്ന രാജ്യങ്ങളെ ഓർക്കുമ്പോൾ, രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാനുള്ള പ്രചോദനമാണു തനിക്കു ലഭിക്കുന്നതെന്നും മോദി പറഞ്ഞു. ആ വികസനം മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുമല്ലോയെന്നാണു ചിന്തയെന്നും പറഞ്ഞു.
കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് പൊതു സ്ഥിതിയെ അപേക്ഷിച്ചു നോക്കുമ്പോൾ തീരെ ചെറുതാണ്. എന്നിരുന്നാലും, ആഗോളതാപനം ചെറുക്കാനുള്ള വിപുലപദ്ധതികളിൽ ഇന്ത്യയാണു മുന്നിൽ പ്രവർത്തിക്കുന്നത്. പുനരുപയോഗയോഗ്യമായ ഊർജോൽപാദനമെന്ന ലക്ഷ്യത്തിനായി സൗരോർജ സഖ്യം രൂപീകരിച്ചത് ഇന്ത്യ മുൻകയ്യെടുത്താണ്. കാലാവസ്ഥാ വ്യതിയാനവും അതുണ്ടാക്കുന്ന പ്രകൃതിക്ഷോഭങ്ങളും കണ്ടിട്ടാണ് പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ആഗോള കൂട്ടായ്മയ്ക്കായി മുന്നിട്ടിറങ്ങുന്നത്– മോദി ചൂണ്ടിക്കാട്ടി.
പൂങ്കുന്ദ്രനാറുടെ വരികൾ, വിവേകാനന്ദന്റെ വാക്കുകൾ
3000 വർഷം മുൻപു സംഘകാലത്തു ജീവിച്ചിരുന്ന തമിഴ് തത്വചിന്തകൻ കനിയൻ പൂങ്കുന്ദ്രനാർ പറഞ്ഞുവച്ച ലോകതത്വം പങ്കുവച്ചാണ് ഇന്ത്യയുടെ വിശ്വമാനവിതകതയെ മോദി ഉയർത്തിക്കാട്ടിയത്. ‘എല്ലാ നാടും സ്വന്തം, എല്ലാവരും സ്വന്തം’ എന്ന പൂങ്കുന്ദ്രനാറുടെ വരികൾ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. രാജ്യത്തിന്റെ അതിർത്തികൾക്കുമപ്പുറം സമസ്ത ലോകത്തെയും സ്വന്തമെന്നു കരുതി ഇന്ത്യ സൂക്ഷിക്കുന്ന ഈ അടുപ്പം ലോകക്ഷേമ പാരമ്പര്യത്തിന്റെ ഭാഗമാണ്.
125 വർഷം മുൻപു ഷിക്കാഗോയിലെ ലോകമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗവും മോദി സ്മരിച്ചു. വിയോജിപ്പല്ല, രമ്യതയും സമാധാനവുമാണു വേണ്ടതെന്നാണു വിവേകാനന്ദൻ അന്നു പറഞ്ഞ്. കാലം കഴിഞ്ഞിട്ടും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിനു നൽകുന്ന സന്ദേശം മറ്റൊന്നല്ല.– പ്രധാനമന്ത്രി പറഞ്ഞു.
കശ്മീർ വിടാതെ ഇമ്രാൻ ഖാൻ
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭാ സമ്മേളനത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ വിഷയം പരാമർശിക്കാതെ വിട്ടപ്പോൾ, നേരിട്ടു പറഞ്ഞും പ്രതിഷേധം പങ്കുവച്ചും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വികാരനിർഭരമായ പ്രസംഗം. സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെ പാക്കിസ്ഥാൻ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങിയ ഇമ്രാൻ, കശ്മീരിൽ നിരോധനാജ്ഞ പിൻവലിക്കുമ്പോൾ രക്തമൊഴുകുമെന്നു പറഞ്ഞു.
ആണവശക്തികളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അതിർത്തികൾ കടന്നും വ്യാപിക്കുമെന്നും സൂചിപ്പിച്ചു. 9/11നു ശേഷം ലോകം മുഴുവൻ വ്യാപിച്ച മുസ്‌ലിം വിരുദ്ധതയിലും പ്രതിഷേധം പങ്കുവച്ചു.