വീഴ്ച്ചയില്‍ ഓര്‍മ നഷ്ടമായതായി ബ്രസീല്‍ പ്രസിഡന്റ്
December 26, 2019 2:00 pm
0
സാവോപോളോ: കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ ഓര്‍മ നഷ്ടമായി. തിങ്കളാഴ്ചയാണു പ്രസിഡന്റ് ഔദ്യോഗിക വസതിയായ അല്‍വോറഡ കൊട്ടാരത്തിലെ കുളിമുറിയില്‍ തലയിടിച്ചു വീണത്. താത്കാലികമായ ഓര്‍മ നഷ്ടമാണു പ്രസിഡന്റിനു സംഭവിച്ചതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
വീഴ്ചയില്‍ ഓര്‍മ നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തലേദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയശേഷം പ്രസിഡന്റ് പറഞ്ഞു.
ഇപ്പോള്‍ താന്‍ സുഖപ്പെട്ടു വരികയാണെന്നും ജെയര്‍ കൂട്ടിച്ചേര്‍ത്തു. ബ്രസീലിയയിലെ സായുധ സേന ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ചയാണ് അദ്ദേഹം വസതിയില്‍ തിരികെയെത്തിയത്. സിടി സ്‌കാനില്‍ അപാകതകളൊന്നും കണ്ടെത്തിയില്ല.
2018 സെപ്റ്റംബറില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണത്തിനിടെയുണ്ടായ കത്തി ആക്രമണത്തിലും അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. അടിവയറ്റിലെ കുത്തേറ്റ മുറിവ് ചികിത്സിക്കുന്നതിനായി സെപ്റ്റംബറില്‍ അദ്ദേഹം നാലു ശസ്ത്രക്രിയകള്‍ക്ക് വിധേയനായി.