Thursday, 23rd January 2025
January 23, 2025

കൊച്ചിൻ ഷിപ്യാർഡിൻ്റെ സുരക്ഷാ പിഴവ് കാരണം വിക്രാന്തിൻ്റെ രൂപരേഖ മോഷണം പോയ് ; സംഭവം അതീവ ഗൗരവമെന്ന് പൊലീസ്

  • September 20, 2019 5:10 pm

  • 0

കൊച്ചി∙ കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ നിന്നു മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിൽ പൊലീസ്. ഇതുസംബന്ധിച്ച് കൊച്ചി കമ്മിഷണർ വിജയ് സാഖറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ്ഡിസ്ക് ഉൾപ്പടെയുള്ള പ്രധാനഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യസ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും ഭാഗികമായെങ്കിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് വിലയിരുത്തുന്നത്.

നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ അനുമതി ഉള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജൻസി ഏർപ്പാടാക്കിയ 82 പേരും കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഇപ്പോൾ പുരോഗമിക്കുന്നത്. 500 കരാർ തൊഴിലാളികൾ വിക്രാന്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

20,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനവാഹിനിക്കപ്പലിലേയ്ക്ക് എങ്ങനെ, ഏതെല്ലാം ഭാഗങ്ങളിലൂടെ പ്രവേശിക്കാം എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഈ രൂപരേഖയിൽ ഉണ്ടായിരിക്കാം. അങ്ങനെയെങ്കിൽ ഇതു കടുത്ത സുരക്ഷാ പ്രശ്നത്തിലേയ്ക്ക് നയിച്ചേക്കാമെന്നതാണ് കപ്പൽശാലാ അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്. അതുകൊണ്ടു തന്നെ ഹാർഡ്ഡിസ്ക് മോഷണം ഗൗരവമായാണ് പൊലീസ് കാണുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി കമ്മിഷണർ ഡിജിപിയെ അറിയിച്ചു.

സൈനിക ആവശ്യത്തിനുള്ള സമുദ്രയാനങ്ങൾ നിർമിക്കാൻ മാലദ്വീപ്, മൊറീഷ്യസ് സർക്കാരുകൾ കൊച്ചിൻ ഷിപ്‌യാർഡുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയ സന്ദർഭത്തിലാണു വിക്രാന്തിലെ മോഷണം. സമീപകാലത്തു കപ്പൽ നിർമാണ മേഖലയിൽ മുതൽ മുടക്കിയ സ്വകാര്യ കമ്പനിയും ഈ വിദേശ രാജ്യങ്ങളുമായി നിർമാണ കരാറിൽ ഏർപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ കപ്പൽ നിർമാണശാലയുടെ ബിസിനസ് അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.