9 മാസം പ്രായമുള്ള കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങി ; ദാരുണാന്ത്യം
December 24, 2019 7:00 pm
0
9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങിപോയതിനെ തുടര്‍ന്ന് കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചു. ഫ്‌ളോറിഡ മാര്‍ട്ടിന്‍ കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വേ ഡ്രൈവിലുള്ള വീട്ടിലാണ് സംഭവം. ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബാത്ത് ടബില്‍ കുട്ടിയെ ഇരുത്തിയ ശേഷം അമ്മ ഉറങ്ങിപോയതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 20 മിനിറ്റിന് ശേഷം ഉറക്കമുണര്‍ന്ന മാതാവ് ശ്വാസം കിട്ടാതെ ശരീരമാകെ നീലനിറമായി മാറിയ കുട്ടിയെയാണ് കണ്ടത്. ഇതേ സമയത്ത് കുട്ടിയുടെ പിതാവും ഉറക്കത്തിലായിരുന്നുവെന്ന് മാര്‍ട്ടിന്‍ കൗണ്ടി ഷെറിഫ് വില്യം സിന്‍ഡര്‍ പറയുന്നു.
വീട്ടിലുള്ളവര്‍ ഉടന്‍ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു. പോലീസെത്തുമ്ബോള്‍ കുട്ടിയുടെ പിതാവ് സിപിആര്‍ നല്‍കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 9 മാസം പ്രായമുള്ള കുട്ടിയെ ബാത്ത് ടബില്‍ തനിച്ചാക്കി എന്നത് സംശയാസ്പദമാണെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കള്‍ക്ക് മൂന്നു കുട്ടികളാണുള്ളത്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലിസുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു കുട്ടികളെ വീട്ടില്‍ നിന്നും മാറ്റി വീടു സീല്‍ ചെയ്തു.