വിരാട് കോലി… ഈ ദശാബ്ദത്തിന്റെ താരം
December 23, 2019 5:34 pm
0
ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആരായിരിക്കും?. ഈ ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങള്‍ ഉയര്‍ന്ന വന്നേക്കാം. എന്നാല്‍, ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന താരം ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കഴിഞ്ഞ പത്തുവര്‍ഷത്തെ (2010-2019) കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരം കിട്ടും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കൂടുതല്‍ റണ്‍സ്, സെഞ്ചുറി, ഫിഫ്റ്റി, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ് എന്നിങ്ങനെയുള്ള കണക്കുകളില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് 31-കാരന്‍.
കൂടുതല്‍ റണ്‍സ്
11,125 റണ്‍സാണ് കോലി ഈ കാലയളവില്‍ നേടിയത്. 60.79 റണ്‍സാണ് ശരാശരി. 8249 റണ്‍സെടുത്ത ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ രണ്ടാമത്. ഹാഷിം അംല (7265), എ.ബി. ഡിവില്ലിയേഴ്സ് (6485) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍.
കൂടുതല്‍ സെഞ്ചുറികളും ഫിഫ്റ്റികളും കോലിയുടെ പേരിലാണ്. ഈ കാലയളവില്‍ 42 സെഞ്ചുറികളും 50 അര്‍ധസെഞ്ചുറികളും നേടി. 1038 ഫോറടിച്ച് കൂടുതല്‍ ഫോറുകളുടെ പട്ടികയിലും ഇന്ത്യന്‍ നായകന്‍ മുന്നിലെത്തി.
കൂടുതല്‍ ക്യാച്ച്
ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും കോലി പുലിയാണ്. 117 ക്യാച്ചുകളാണ് ഇന്ത്യന്‍ താരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കൈപിടിയിലൊതുക്കിയത്. 87 ക്യാച്ചെടുത്ത ന്യൂസീലന്‍ഡിന്റെ റോസ് ടെയ്ലറാണ് പട്ടികയില്‍ രണ്ടാമത്.
മാന്‍ ഓഫ് ദ മാച്ചുകളും സീരീസുകളും
കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച അവാര്‍ഡുകളും സീരീസ് അവാര്‍ഡുകളും കോലിയാണ് സ്വന്തമാക്കിയത്. 35 മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ ഏഴ് തവണ മാന്‍ ഓഫ് ദ സീരീസ് നേടി. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലാണ് മാന്‍ ഓഫ് ദ മാച്ച് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 21 തവണ കളിയിലെ താരമായി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയ്ക്ക് ആറ് മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡുകളുണ്ട്. രോഹിത് ശര്‍മയും കെയ്ന്‍ വില്യംസണും അഞ്ച് തവണ വീതം പരമ്ബരയുടെ താരമായി.
കൂടുതല്‍ മത്സരം
പത്ത് വര്‍ഷത്തിനിടെ കൂടുതല്‍ ഏകദിനം കളിച്ചതും കോലിയാണ്. 227 ഏകദിനം കളിച്ചു. 196 ഏകദിനം വീതം കളിച്ച എം.എസ്. ധോനിയും ഏയ്ഞ്ചലോ മാത്യൂസുമാണ് പട്ടികയില്‍ രണ്ടാമത്.