സർക്കാരിന് പ്രതിച്ഛായ ഭീതിയിൽ:പിഎസ്‍സി തട്ടിപ് അനേഷണത്തിന് സിബിഐ
September 19, 2019 3:08 pm
0
തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാരും പിഎസ്‌സിയും എതിര്‍ക്കുന്നതിനു പിന്നില്‍ ‘പ്രതിച്ഛായ ഭീതി’. കൂടുതല്‍പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നു സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. പിഎസ്‌സിയുടെ വിശ്വാസ്യത തകരും.
കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കേ പ്രതിപക്ഷത്തിന് ആയുധം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സര്‍ക്കാരിനു നിയന്ത്രിക്കാം. സിബിഐ വന്നാല്‍ പിഎസ്‌സിയുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ചുപോലും അന്വേഷണം നടന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ നീക്കം. ഒരു കേസ് സിബിഐ അന്വേഷിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ഹൈക്കോടതി അന്വേഷത്തിനു നിര്‍ദേശം നല്‍കുകയോ ചെയ്യണം.
സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പു നടത്തിയതിന് 5 പേരെയാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയത്. നസീം, ശിവരഞ്ജിത്ത്, പി.പി.പ്രണവ്, സഫീര്‍, എസ്എപി ക്യാംപിലെ പൊലീസുകാരനായ ഗോകുല്‍ എന്നിവരെ. തട്ടിപ്പ് ഇവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ വിശ്വസിക്കുന്നു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി നേതാക്കളുമായി അടുത്ത ബന്ധമുള്ള പ്രതികളില്‍ ചിലര്‍ വര്‍ഷങ്ങളായി തട്ടിപ്പു നടത്തുന്നുണ്ടെന്നാണ് ആക്ഷേപം. സിബിഐ അന്വേഷണം വന്നാല്‍ തട്ടിപ്പ് 5 പേരില്‍ മാത്രം ഒതുങ്ങണമെന്നില്ല. കൂടുതല്‍ പേരിലേക്കും റാങ്ക് ലിസ്റ്റിലേക്കും അന്വേഷണം വ്യാപിക്കാം.
മുന്‍പും പരീക്ഷാ തട്ടിപ്പ് നടത്തി ജോലിയില്‍ കയറിയവരുണ്ടെന്ന ഉദ്യോഗാര്‍ഥികളുടെ ആശങ്കയും സിബിഐക്കു പരിശോധിക്കാം. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം നടന്ന എല്ലാ പരീക്ഷകളും പരിശോധിക്കാനുള്ള സാധ്യതയുമുണ്ട്. ഇതൊന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് പിഎസ്‌സി. തീരുമാനങ്ങളെടുക്കുന്നത് കമ്മിഷനും ഉദ്യോഗസ്ഥരുമാണ്. മറ്റു വകുപ്പുകളില്‍നിന്നു ഡപ്യൂട്ടേഷനില്‍ പോലും ആര്‍ക്കും പിഎസ്‌സി ഓഫിസുകളിലേക്കു പോകാനാകില്ല.
ഭരണത്തിലും പരീക്ഷയിലും രഹസ്യാത്മകത സൂക്ഷിക്കുന്ന പിഎസ്‌സിയിലേക്കു കേന്ദ്ര ഏജന്‍സികളെത്തുന്നതിനോടു പിഎസ്‌സിക്കും യോജിപ്പില്ല. ഭരണത്തിലും പരീക്ഷാ നടത്തിപ്പിലും പിഴവുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതു സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നതാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. പിഎസ്‌സി ആസ്ഥാനത്തോ ഓഫിസുകളിലോ ഇതുവരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടായിട്ടില്ല. ചുരുക്കം ചില ഘട്ടങ്ങളില്‍ മാത്രമാണു സംസ്ഥാന ഏജന്‍സികളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അന്വേഷണം നടത്തിയത്.
പിഎസ്‌സി ജീവനക്കാര്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടോ? ചോദ്യപേപ്പര്‍ ചോര്‍ന്നതെങ്ങനെ? തുടങ്ങിയ കാര്യങ്ങള്‍ ഇതുവരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. തട്ടിപ്പു കേസിലെ പ്രതികള്‍ക്ക് ഒരേ കോഡ് ചോദ്യപേപ്പര്‍ കിട്ടിയതിനെക്കുറിച്ചും ആക്ഷേപമുണ്ട്. അന്വേഷണത്തില്‍ എല്ലാം വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നതെങ്കിലും 5 പേരിലേക്ക് കേസ് ഒതുക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദമുണ്ട്. സിബിഐ അന്വേഷിച്ചാല്‍ സമ്മര്‍ദങ്ങള്‍ വിലപ്പോകില്ല.
പരീക്ഷയില്‍ ക്രമക്കേടു നടക്കുന്നതായി മുന്‍പ് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണു കായികക്ഷമതാ പരീക്ഷ പൊലീസില്‍നിന്ന് പിഎസ്‌സിയുടെ നിയന്ത്രണത്തിലേക്കു മാറ്റിയത്. ഇതിനുശേഷം കുറച്ച് പരീക്ഷകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഉദ്യോഗാര്‍ഥികളുടെ ഉയരം അളക്കുന്നതില്‍ കൃത്രിമം നടക്കുന്നതായി ആക്ഷേപമുണ്ട്. 168 സെന്റീമീറ്റര്‍ ഉയരമാണ് പൊലീസിലേക്ക് വേണ്ടത്. പട്ടികജാതി–വര്‍ഗ വിഭാഗങ്ങള്‍ക്ക് 5 സെന്റീമീറ്റര്‍ ഇളവുണ്ട്. അളവെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഉദ്യോഗാര്‍ഥിക്ക് അപ്പീല്‍ നല്‍കാം.
പിഎസ്‌സി അംഗത്തിന്റെ നേതൃത്വത്തിലാണ് ഓഫിസില്‍വച്ച് പിന്നീട് അളവെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തില്‍ രാഷ്ട്രീയ ശുപാര്‍ശകള്‍ ഉണ്ടാകുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം. നസീം, ശിവരഞ്ജിത്ത്, പി.പി.പ്രണവ്, സഫീര്‍, എസ്എപി ക്യാംപിലെ പൊലീസുകാരനായ ഗോകുല്‍ തുടങ്ങിയവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ പരീക്ഷയെഴുതിയ സ്കൂളുകളിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. പരിശോധന തുടരുകയാണ്.