Thursday, 23rd January 2025
January 23, 2025

മരടിലെ ഫ്ളാറ്റുകൾക് താത്കാലിക നമ്പറിൽ ഞെട്ടിപ്പിക്കുന്ന രേഖകൾ പുറത്തു

  • September 17, 2019 4:22 pm

  • 0

കൊച്ചി∙ മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് നഗരസഭ നൽകിയിരുന്നത് താൽകാലിക കെട്ടിട നമ്പരായിരുന്നു(യുഎ നമ്പർ) എന്നതിന്റെ രേഖകൾ പുറത്തു വന്നു. ഈ താൽകാലിക കെട്ടിട നമ്പരിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുടമകൾക്ക് നഗരസഭ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് എന്നതും വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നിട്ടുണ്ട്. കെട്ടിടം താമസയോഗ്യമെന്നും കോടതിയുടെ മറ്റൊരു വിധിയുണ്ടായാൽ കുടിപ്പാർപ്പ് അവകാശം പുനപ്പരിശോധിക്കുന്നതും സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതുമായിരിക്കും എന്നറിയിച്ചുകൊണ്ടാണ് നഗരസഭ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്.

ലഭിച്ചത് യുഎ നമ്പർ അല്ല എന്ന ഫ്ലാറ്റുടമകളുടെയും നിർമാതാക്കളുടെയും അവകാശവാദത്തിനിടെയാണ് രേഖകൾ പുറത്തു വന്നിരിക്കുന്നത്. ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ ലിമിറ്റഡ്, ആൽഫ വെഞ്ച്വേഴ്സ് എന്നിവർക്ക് താൽക്കാലിക നമ്പർ നൽകിയിട്ടുള്ളതിന്റെ രേഖകളാണ് പുറത്തു വന്നത്. നിയമ വിരുദ്ധമായ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കെട്ടിടങ്ങൾക്കാണ് സാധാരണ യുഎ നമ്പർ നൽകുക. കോടതിയിൽ നിന്ന് മറിച്ചൊരു ഉത്തരവുണ്ടായാൽ നഗരസഭയ്ക്ക് ഇതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല എന്നിരിക്കെയാണ് ഇതൊന്നും അറിയിക്കാതെയാണ് ഫ്ലാറ്റു നിർമാതാക്കൾ ഫ്ലാറ്റ് വിൽപന നടത്തിയത് എന്ന് ഫ്ലാറ്റുടമകൾ അവകാശപ്പെടുന്നത്.

വ്യക്തമായ രേഖകളോടെയാണ് നിർമാതാക്കൾ ഫ്ലാറ്റ് കൈമാറിയതെന്നും നീതി ലഭിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ കോടതിയെ സമീപിക്കുമെന്നുമുള്ള നിലപാടാണ് ഫ്ലാറ്റുടമകൾ സ്വീകരിച്ചിട്ടുള്ളത്. നിർമാതാക്കൾക്കെതിരെ ജു‍ഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതികൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെടുന്നുണ്ട്.