Thursday, 23rd January 2025
January 23, 2025

കരിമണൽ: ഘടകകക്ഷികൾ അറിയാതെ ഖനനാനുമതി സർക്കാരിന്റെ വഴിവിട്ട നീക്കം

  • September 16, 2019 1:31 pm

  • 0

കൊല്ലം ∙ കരിമണൽ ഖനനത്തിനു സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന്റെ ഗൂഢനീക്കം. കരിമണൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന ധാതുക്കളുടെ ഖനനം പൊതുമേഖലയിലേ പാടുള്ളൂവെന്ന കേന്ദ്രനിയമം മറികടന്നുള്ള വ്യവസായ വകുപ്പിന്റെ നടപടി, പുതിയ രാഷ്ട്രീയ വിവാദത്തിനു വഴിതുറക്കും.

കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയുടെ മറവിലാണ് നടപടികളുടെ തുടക്കം. എന്നാൽ വ്യവസായ വകുപ്പു ഡയറക്ടർ കെ. ബിജു കടുത്ത വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ സർക്കാർ വെട്ടിലായി; മൈനിങ് ആൻഡ് ജിയോളജി വകുപ്പു ഡയറക്ടർ കൂടിയാണു ബിജു. പഴുതുതേടി ഫയൽ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണിപ്പോൾ.

സിപിഎം നേതൃത്വത്തിന്റെ താൽപര്യപ്രകാരമുള്ള നീക്കം മുന്നണിയിലെ ഘടകകക്ഷികൾ പോലും അറിഞ്ഞിട്ടുമില്ല. സ്വകാര്യ മേഖലയ്ക്കു ഖനനാനുമതി നൽകുന്നതിനു പ്രതിപക്ഷവും എതിരാണ്.

കൊച്ചിയിലെ സ്വകാര്യ കമ്പനിക്കു ഖനനാനുമതി നൽകുന്നതു പരിഗണിക്കണമെന്ന 2004 ലെ സുപ്രീം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാണു വ്യവസായ വകുപ്പിന്റെ നീക്കം.

കേന്ദ്രം ഭേദഗതി കൊണ്ടുവരും മുൻപുള്ള കോടതി നിർദേശം നിലനിൽക്കുമെന്നാണു വാദം. എന്നാൽ കേന്ദ്രനിയമം നിലവിലുള്ളതിനാൽ അനുമതി നൽകാനാവില്ലെന്നു വ്യവസായ വകുപ്പു ഡയറക്ടർ ഫയലിലെഴുതി.

കൊല്ലം, ആലപ്പുഴ ഉൾപ്പെടെയുള്ള കേരള തീരങ്ങളിലെ അപൂർവ ധാതുശേഖരം 150 ദശലക്ഷം ടൺ വരുമെന്നാണു കണക്ക്. ലോകത്തിലെ ഏറ്റവും വലിയ ഇൽമനൈറ്റ് ശേഖരം കൊല്ലത്താണ്. മോണോസൈറ്റ്, റൂട്ടൈൽ, ലൂക്കോക്സീൻസിർകോൺ, ഗാർനെറ്റ് തുടങ്ങിയവയും കേരള തീരത്തെ കരിമണലിലുണ്ട്.

പ്രകടനപത്രികയിൽ പൊതുമേഖലയ്ക്കൊപ്പം

എൽഡിഎഫിന്റെ 2016 ലെ പ്രകടനപത്രികയിൽ പറയുന്നതിങ്ങനെ: കേരളത്തിന്റെ ഖനിജങ്ങൾ പൊതു ഉടമസ്ഥതയിലാക്കുകയും ഖനനത്തിനു ശക്തമായ സാമൂഹികനിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും.

ആവശ്യമായ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി, പൊതുമേഖലയുടെ മുൻകയ്യിൽ മൂല്യവർധിത ഉൽപാദനത്തിനു വേണ്ടി കരിമണൽ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

സ്വകാര്യ കമ്പനികളെ തടഞ്ഞ് കേന്ദ്ര ഭേദഗതി

തീരദേശത്തെ അപൂർവ ധാതുമണൽ സ്വകാര്യ കമ്പനികൾ ഖനനം ചെയ്യുന്നതു തടഞ്ഞ് കേന്ദ്രസർക്കാർ ഈ വർഷമാദ്യം ആറ്റമിക് മിനറൽ കൺസഷൻ നിയമത്തിൽ (2016) ഭേദഗതി കൊണ്ടുവന്നിരുന്നു.

ധാതുമണലിൽ മോണോസൈറ്റിന്റെ തോത് 0.75 ശതമാനത്തിൽ താഴെയാണെങ്കിൽ സ്വകാര്യ മേഖലയ്ക്കു വേണമെങ്കിൽ ഖനനാനുമതി നൽകാമെന്നായിരുന്നു മുൻ വ്യവസ്ഥ.

മോണോസൈറ്റ് ഇല്ലെങ്കിലും ഖനനം പൊതുമേഖലയിൽ മാത്രം മതിയെന്ന കർശന വ്യവസ്ഥയാണു ഭേദഗതിയിലൂടെ കൊണ്ടുവന്നത്.

മോണോസൈറ്റ്, ഇൽമനൈറ്റ്, റൂട്ടൈൽ, സിർകോൺ, ഗാർനെറ്റ്, സിലിമനൈറ്റ് തുടങ്ങിയവ അടങ്ങിയ ധാതുമണൽ കയറ്റുമതി ചെയ്യുന്നതിൽ നിന്നു സ്വകാര്യ കമ്പനികളെ വിലക്കി കഴിഞ്ഞ സെപ്റ്റംബറിൽ കടലോര ധാതുമണൽ കയറ്റുമതി നയത്തിലും കേന്ദ്രം ഭേദഗതി കൊണ്ടുവന്നു.

ഇതനുസരിച്ച് ഇന്ത്യൻ റെയർ എർത്ത്സിനു (ഐആർഇ) മാത്രമേ ധാതുമണൽ കയറ്റുമതിക്ക് അനുമതിയുള്ളൂ.