തമിഴ്നാട് സർക്കാരിന് കോടതിയുടെ കാടുത്ത വിമർശനം; എത്ര ലീറ്റർ രക്തം വേണമെന്ന് കോടതി
September 14, 2019 1:09 pm
0
ചെന്നൈ ∙ നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് പൊട്ടിവീണു യുവതി മരിച്ച സംഭവത്തില്‍ വിചിത്ര നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. ഫ്ലെക്സ് പ്രിന്‍റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്ത സർക്കാർ, വീഴ്ചവരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. കുറ്റക്കാരനായ നേതാവിനെതിരെ കേസെടുത്തതു കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലും. അപകടത്തിൽ മരിച്ച ശുഭശ്രീയുടെ ദേഹത്തേക്കു ഫ്ലക്സ് വീഴുന്നതിന്റെയും വാട്ടർ ടാങ്കർ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തി.
ശുഭശ്രീയുടെ മരണം ദേശീയ തലത്തില്‍ വിവാദമാകുകയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെയാണു സര്‍ക്കാര്‍ നടപടിയിലേക്കു കടന്നത്. എത്ര ലീറ്റർ രക്തം കൊണ്ടാണു സർക്കാർ റോഡുകൾ ചായംപൂശാൻ ഉപയോഗിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ശുഭശ്രീയുടെ മരണത്തിന്റെ ഉത്തരവാദിത്തം സർക്കാരിനുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സംഭവം ഖേദകരമാണ്. ബാനറുകളും ഫ്ലെക്സുകളും ഉപയോഗിക്കുന്ന പരിപാടിയിൽ ഇനി പങ്കെടുക്കില്ലെന്നും ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം അടക്കം കല്യാണത്തിനെത്തിയവരെ സ്വാഗതം ചെയ്യാന്‍ വച്ച ഫ്ലെക്സാണു യുവതിയുടെ ജീവനെടുത്തത്. ഫ്ലെക്സ് പ്രിന്‍റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്യലായിരുന്നു സർക്കാരിന്റെ ആദ്യ നടപടി. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള ചെന്നൈ കോര്‍പ്പറേഷനെ ഉപയോഗിച്ചാണു സ്ഥാപനം പൂട്ടിച്ചത്. തൊട്ടുപിറകെ ശുഭശ്രീയുടെ ദേഹത്തിലൂടെ കയറി ഇറങ്ങിയ ടാങ്കര്‍ ലോറി ഡ്രൈവറെ പിടികൂടി മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. എന്നാൽ ചെന്നൈ കോര്‍പറേഷന്‍ മുൻ കൗണ്‍സിലര്‍ കൂടിയായ നേതാവിനെതിരെ കേസെടുക്കാന്‍ തുടക്കത്തില്‍ പൊലീസ് തയാറായില്ല.
പ്രതിഷേധം കടുത്തതോടെയാണു ഭരണകക്ഷിയുടെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ കേസെടുത്തത്. അനധികൃത ഫ്ലെക്സുകള്‍ നീക്കുന്നതില്‍ വീഴ്ച വരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയില്ല. അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇനി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നു രാഷ്ട്രീയ പാർട്ടികൾ അണികൾക്കു നിർദേശം നൽകി. ഡിഎംകെ, അണ്ണാ ഡിഎംകെ പാർട്ടികൾ മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകവും ഇടതു പാര്‍ട്ടികളും തീരുമാനത്തോട് അനുഭാവം പ്രകടിപ്പിച്ചു.