സ്കൂട്ടറിനു മുകളിലേയ്ക്ക് ബാനര്‍ വീണ് നിയന്ത്രണം വിട്ട യാത്രിക ലോറിയിടിച്ച് മരിച്ചു
September 13, 2019 11:31 am
0
ചെന്നൈ: അണ്ണാ ഡിഎംകെയുടെ ബാനര്‍ മുകളിലേക്ക് വീണ് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആര്‍ ശുഭശ്രീ (24) ആണ് അപകടത്തില്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെ ചെന്നൈ പല്ലവരം– തൊരൈപക്കം റാഡിയല്‍ റോഡില്‍ വ്യാഴാഴ്ചയാണ് അപടകം ഉണ്ടായത്.
മുന്‍ എഐഎഡിഎംകെ കൗണ്‍സിലര്‍ ജയഗോപാലിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന ബാനര്‍ ആണ് ശുഭശ്രീയുടെ മുകളിലേയ്ക്ക് വീണത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ശുഭശ്രീ റോഡിലേയ്ക്ക് വീഴുകയും പിന്നാലെ വെള്ളവുമായെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നയുടനെ ആളുകള്‍ ചേര്‍ന്ന് ബാനറുകള്‍ വലിച്ചുകീറി.
അശ്രദ്ധമായ വാഹനം ഓടിച്ച ലോറി ഡ്രൈവര്‍ മനോജ് യാദവ് (28) നെതിരെയും ബാനര്‍ സ്ഥാപിച്ച ജയഗോപാലിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയര്‍ അമല്‍രാജിന്റെ പരാതിയെ തുടര്‍ന്നാണ് ജയഗോപാലിനെതിരെ കേസെടുത്തത്. മാത്രമല്ല, അനുമതിയില്ലാതെ നിയമവിരുദ്ധമായി ബാനര്‍ സ്ഥാപിച്ചതില്‍ എഐഎഡിഎംകെ നേതാവിനെതിരെ ചെന്നൈ കോര്‍പ്പറേഷന്‍ മറ്റൊരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ബിടെക് ബിരുദ്ധധാരിയായ യുവതി ഐഇഎല്‍റ്റിഎസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാനഡയ്ക്കു പോകാനിരിക്കുകയായിരുന്നു ശുഭശ്രീ.