മണ്ണുവിതറി വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം അപകടം
December 11, 2019 1:50 pm
0
പുനലൂര്‍ : മുകളില്‍ മണ്ണു വിതറിയനിലയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നും പുതിയ മത്സ്യമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരത്തില്‍ വ്യാപകമായി ചെയ്തുവരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്.
‘മോഡല്‍ ഫുഡ് സേഫ്റ്റി പഞ്ചായത്ത്‘ പദ്ധതിയുടെ ഭാഗമായി വകുപ്പ് നടത്തുന്ന ബോധവത്‌കരണത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. കടലില്‍നിന്ന് ഇപ്പോള്‍ പിടിച്ചതാണെന്നു തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കടല്‍ക്കരയില്‍ തുറസ്സായ സ്ഥലത്തുനിന്നു വാരുന്ന മണ്ണാണ് പലപ്പോഴും മത്സ്യത്തിനുമേല്‍ വിതറുന്നത്. പലതരം രോഗാണുക്കള്‍ നിറഞ്ഞ ഈ മണ്ണ് വിതറുന്നതുവഴി മീനില്‍ പടരുന്ന അണുക്കള്‍ മനുഷ്യരില്‍ എത്താന്‍ സാധ്യതയേറെയാണ്–അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
മത്സ്യം സൂക്ഷിക്കാന്‍ ഐസ് തന്നെ ഉപയോഗിക്കണം. ഒരുകിലോ മത്സ്യം സൂക്ഷിക്കാന്‍ അത്രതന്നെ ഐസും ഉപയോഗിക്കണം. ഐസ് പെട്ടിയില്‍ മത്സ്യം കുത്തിനിറയ്ക്കരുത്. ഐസ് ഉണ്ടാക്കാന്‍ ശുദ്ധമായ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. ഐസ് നിലത്തുകൂടി വലിച്ചിഴയ്ക്കരുത്. മത്സ്യം കൈകാര്യം ചെയ്യാന്‍ ചൂരല്‍, മുള എന്നിവകൊണ്ടുള്ള പാത്രം ഉപയോഗിക്കരുത്.
എങ്ങനെ തിരിച്ചറിയാം നല്ല മത്സ്യം
കേടാകാത്ത മത്സ്യത്തിന്റെ ചെകിളപ്പൂക്കള്‍ സ്വാഭാവിക ആകൃതി ഒത്തതായിരിക്കും. ഒപ്പം നല്ല ചുവപ്പുനിറവുമുണ്ടാകും
കണ്ണുകള്‍ക്ക് സ്വാഭാവിക തിളക്കമുണ്ടാകും. കുഴയാത്തതുമായിരിക്കും
ശരീരത്തിന് സ്വാഭാവിക തിളക്കമുണ്ടാകും
മത്സ്യത്തിന് ദുര്‍ഗന്ധമുണ്ടാകില്ല
മത്സ്യത്തിന്റെ പ്രതലത്തില്‍ വിരല്‍കൊണ്ട് അമര്‍ത്തിയാല്‍ ആദ്യം കുഴിഞ്ഞുപോകുകയും ഉടന്‍തന്നെ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും. കേടായ മത്സ്യം അമര്‍ത്തിയാല്‍ പൂര്‍വസ്ഥിതി പ്രാപിക്കില്ല
മണ്ണുവിതറല്‍ വ്യാപിക്കുന്നു
അളുകളെ കബളിപ്പിക്കാന്‍ മത്സ്യത്തില്‍ മണ്ണു വിതറുന്ന രീതി തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചലില്‍നിന്ന് ഏതാനും മാസംമുന്‍പ് ഇത്തരം മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ചന്തകള്‍ കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്‌കരണവും ആരംഭിച്ചിട്ടുണ്ട്.