Monday, 21st April 2025
April 21, 2025

സിനിമകളുടെ ചിത്രീകരണത്തിനായി മുടക്കിയ തുക നല്‍കിയില്ലെങ്കില്‍ നിയമ പരമായി നേരിടും; ഷെയ്ന്‍ നിഗമിനെതിരെ കടുത്ത നടപടികളിലേക്ക്

  • December 11, 2019 12:50 pm

  • 0

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിനായി മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാക്കള്‍. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളില്‍ നിര്‍മാതാക്കള്‍ മുടക്കിയ തുക തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഷെയ്ന്‍ നിര്‍മാതാക്കള്‍ക്കെതിരെ പരസ്യമായി വിമര്‍ശിച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. ഇതോടെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറി. ഷെയ്ന്‍ മാപ്പ് പറയാതെയും മുടക്കിയ പണം തിരികെ നല്‍കാതെ ഒത്തു തീര്‍പ്പിനില്ലെന്നാമ് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്ഈ മാസം 19 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും.

അതേസമയം ഷെയ്‌നെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തയച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെ സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫിലിം ചേമ്ബറിന്റെ നടപടി. കരാര്‍ ലംഘിച്ചതിന് പുറമെ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയ്‌നിനെതിരെ കേരള ഫിലിം ചേംബറും കടുത്ത നടപടി വേണമെന്ന നിലപാടിലേക്ക് എത്തിയത്.

ചിത്രീകരണം മുടങ്ങിയത് മൂലമുണ്ടായ കോടികളുടെ നഷ്ടം കൂടി ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ ഫിലിം ചേമ്ബറിന് കത്തുനല്‍കിയിരുന്നു. ഷെയ്‌നിനെ മറ്റു ഭാഷകളിലെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് ഷെയ്‌നിനെ ഇന്ത്യന്‍ സിനികളില്‍ അഭിനയിപ്പിക്കരുതെന്ന് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്സ് ഗില്‍ഡിനും കത്ത് നല്‍കിയത്.