സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന; എട്ട് ദിവസംകൊണ്ട് കുടിച്ചത് 487 കോടിയുടെ മദ്യം
September 12, 2019 5:10 pm
0
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പന. എട്ടു ദിവസം കൊണ്ടു ബവ്റിജസ് ഔട്ട്ലെറ്റുകളില്‍ നിന്നുമാത്രം മലയാളി കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യം. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 30 കോടി രൂപയുടെ മദ്യമാണ് അധികം വിറ്റത്. ഇരിങ്ങാലക്കുട ബവ്റിജസ് ഔട്ട്ലെറ്റ് തന്നെയാണ് ഇത്തവണയും ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.
സംസ്ഥാനത്താകെ ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യം. എന്നാൽ ഇരിങ്ങാലക്കുട ബവ്റിജസ് ഔട്ട്ലെറ്റിൽ കഴിഞ്ഞ വര്‍ഷം ഒരു കോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ അത് ഒരു കോടി നാല്‍പ്പത്തി നാലായിരമായി കുറഞ്ഞു. കഴിഞ്ഞ തവണ തൃശൂര്‍ പ്രളയത്തില്‍ മുങ്ങി പല ഔട്ട്ലെറ്റുകളും അടഞ്ഞു കിടന്നപ്പോള്‍ ആശ്വാസമായത് ഇരിങ്ങാലക്കുടയിലെ വില്‍പനശാലയാണ്.
ആലപ്പുഴ കോടതി ജംക്‌ഷനിലെ ബവ്റിജസ് ഔട്ട്ലെറ്റാണ് ഈ വർഷം മദ്യവിൽപനയിൽ രണ്ടാം സ്ഥാനത്തുള്ളത്. തൊണ്ണൂറ്റി മൂന്നു ലക്ഷത്തി അന്‍പത്തിയെണ്ണായിരം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
2018ല്‍ ഓണക്കാലത്തെ എട്ടു ദിവസം കൊണ്ട് 457 കോടി രൂപയുടെ മദ്യമാണു വിറ്റത്. ബവ്റിജിസ് ഓണം സീസണായി കരുതുന്ന പത്തു ദിവസം കൊണ്ടു കഴിഞ്ഞവര്‍ഷം 499 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അന്ന് ആകെയുള്ള 270 ഔട്ട്ലെറ്റുകളില്‍ പ്രളയം കാരണം 60 എണ്ണം അടഞ്ഞു കിടക്കുകയായിരുന്നു.