Thursday, 23rd January 2025
January 23, 2025

പന്തിന് കൂവല്‍; തിരുവനന്തപുരത്തെ കാണികളോട് ചൂടായി കോലി

  • December 9, 2019 3:50 pm

  • 0

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് കഷ്ടകാലമാണ്. എം.എസ് ധോനിയുടെ പിന്‍ഗാമിയെന്ന ലേബലില്‍ ടീമിലെത്തിയ പന്തിന് പക്ഷേ അതിനോട് നീതി പുലര്‍ത്തുന്ന ഒരു പ്രകടനം ഈ അടുത്തകാലത്തൊന്നും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും പലപ്പോഴും പിഴവുകള്‍ വരുത്തുന്ന പന്ത് ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നുണ്ട്.

ഫോമിലല്ലാത്ത പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന മുറവിളികള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി സഞ്ജുവിന്റെ സ്വന്തം നാട്ടില്‍ തന്നെ എത്തുന്നത്എന്നാല്‍ തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍ സ്വന്തം നാട്ടില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കുന്നതുകാണാന്‍ കാത്തിരുന്ന ആരാധകര്‍ ടീം ലിസ്റ്റ്‌ പുറത്തുവന്നതോടെ നിരാശരായി. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം.

ഇതിനെതിരേ തിരുവനന്തപുരത്തെ കാണികള്‍ കൂക്കിവിളികളോടെയാണ് പ്രതിഷേധിച്ചത്. ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഋഷഭ് പന്തിന്റെ പേരുപറഞ്ഞപ്പോള്‍ സ്റ്റേഡിയം കൂക്കിവിളികളാല്‍ നിറഞ്ഞു. പിന്നീട് ഗ്ലൗസ് നല്‍കാന്‍ വേണ്ടി സഞ്ജു മൈതാനത്തിറങ്ങിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിറയെ ഹര്‍ഷാരവങ്ങള്‍ മുഴങ്ങുകയും ചെയ്തു.

സഞ്ജുവിനെ കളിപ്പിക്കാത്തതിന്റെ കലിപ്പ് മൊത്തം കാണികള്‍ തീര്‍ത്തത് ഋഷഭ് പന്തിനോടായിരുന്നു. മത്സരത്തിനിടെ പന്ത് ഒരു ക്യാച്ച്‌ നഷ്ടപ്പെടുത്തിയപ്പോള്‍ സഞ്ജുവിന്റെയും ധോനിയുടെയും പേരുവിളിച്ച്‌ പന്തിനെ കളിയാക്കിയ കാണികളോട് ഒടുവില്‍ മിണ്ടാതിരിക്കാന്‍ ക്യാപ്റ്റന്‍ കോലിക്ക് തന്നെ പറയേണ്ടി വന്നു. അഞ്ചാം ഓവറില്‍ പന്ത് എവിന്‍ ലൂയിസിന്റെ ക്യാച്ച്‌ നഷ്ടപ്പെടുത്തിയപ്പോഴാണ് കാണികളുടെ രോഷം പന്തും ടീം മാനേജ്‌മെന്റും ശരിക്കും അറിഞ്ഞത്. പന്തിനെതിരെയുള്ള കാണികളുടെ പ്രതിഷേധം നിര്‍ത്താന്‍ കോലിക്ക് തന്നെ ഇടപെടേണ്ടി വന്നു. ഈ സമയം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു കോലി. അല്‍പം പരുഷമായി തന്നെയായിരുന്നു കോലിയുടെ പ്രതികരണം.

സമീപകാലത്തെ മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന യുവതാരം ഋഷഭ് പന്തിന് പിന്തുണയുമായി നേരത്തെ തന്നെ ക്യാപ്റ്റന്‍ രംഗത്തെത്തിയിരുന്നു. പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അവന്‍ ഒരു അവസരം നഷ്ടപ്പെടുത്തുമ്ബോള്‍ സ്റ്റേഡിയത്തിലെ ആളുകള്‍ ധോനിയുടെ പേര് അലറി വിളിക്കരുതെന്നും കോലി പറഞ്ഞിരുന്നു.