Wednesday, 22nd January 2025
January 22, 2025

ഫെയ്സ്ബുക്കും വാട്സാപും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ

  • September 3, 2019 4:28 pm

  • 0

ഫെയ്സ്ബുക്കും വാട്സാപും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ, കേസ് സുപ്രീം കോടതിയിൽ

ഇന്ത്യന്‍ പൗരന്മാരുടെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. ഈ ആവശ്യവുമായി ബന്ധിപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈ കോടിതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ഫെയ്‌സ്ബുക് കോടതിയോട് അഭ്യര്‍ഥിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര സർക്കാരിനോടും ഗൂഗിളിനോടും ട്വിറ്ററിനോടും യുട്യൂബിനോടും പരമോന്നത കോടതി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഹൈക്കോടതികളില്‍ നടക്കുന്ന വാദം തുടരുന്നതില്‍ പ്രശ്‌നമില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, വിധി പ്രസ്താവിക്കേണ്ടെന്നും കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസുമാരായ ദീപക് ഗുപ്തയുടെയും അനിരുദ്ധാ ബോസിന്റെയും ബഞ്ച് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഈ കേസ് സുപ്രീം കോടതിയ്ക്കു മുൻപാകെ എത്തിയത്. വ്യക്തികളുടെ ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയവയിലുള്ള പ്രൊഫൈലുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഫെയ്‌സ്ബുക് ഈ വാദത്തെ എതിര്‍ക്കുകയാണ്. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരിക്കും എന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്. തമിഴ്‌നാട് സര്‍ക്കാരും ഫെയ്‌സ്ബുക്കും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് കേസ് പരമോന്നത കോടതിയിലെത്തിയിരിക്കുന്നത്.
തമിഴ്‌നാടിന്റെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞത് വ്യാജ വാര്‍ത്തയുടെയും അപകീര്‍ത്തികരമായ പ്രസ്താവനകളുടെയും അശ്ലീലതയുടെയും ഭീകരവാദവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും മറ്റും തടയാന്‍ ഇത് ആധാറുമായി സമൂഹ മാധ്യമ പ്രൊഫൈലുകള്‍ ലിങ്ക് ചെയ്യണമെന്നാണ്. വാട്‌സാപ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. അല്ലെങ്കില്‍ അവയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ മറ്റാര്‍ക്കും കാണാനാവില്ല എന്നാണ്. വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക് അവകാശപ്പെടുന്നത്. എന്നാല്‍ ഒരു ഐഐടി പ്രൊഫസര്‍ പറയുന്നത് വാട്‌സാപ്പില്‍ ഒരു സന്ദേശം ആരാണ് ആദ്യം അയച്ചതെന്നു കണ്ടെത്താമെന്നാണ് എന്നും വേണുഗോപാല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
സമൂഹ മാധ്യമ പ്രൊഫൈലുകളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പട്ട് മദ്രാസ്, ബോംബേ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയും സുപ്രീം കോടതയിലേക്കു മാറ്റണമെന്നാണ് ഫെയ്‌സ്ബുക് ആവശ്യപ്പെടുന്നത്. ഇതിനെയും വേണുഗോപാല്‍ എതിര്‍ത്തിരുന്നു. ഫെയ്‌സ്ബുക് പറയുന്നത് ആധാര്‍ നമ്പര്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യാന്‍ തങ്ങള്‍ക്കു സാധിക്കില്ല എന്നാണ്.
ഫെയ്‌സ്ബുക്കിനു വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുല്‍ രോഹത്ഗി കോടതിയില്‍ ഉയര്‍ത്തിയ ചോദ്യം ആധാര്‍ നമ്പര്‍ ഒരു സ്വകാര്യ കമ്പനിക്കു നല്‍കാനാകുമോ എന്നാണ്. പൊതു താത്പര്യം ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് ഒരു ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. വിവിധ ഹൈക്കോടതികള്‍ ഓരോരോ വിധി പുറപ്പെടുവിക്കുന്നതു തടയാനും കൂടിയാണ് സുപ്രീം കോടതി ഈ കേസില്‍ വാദം കേള്‍ക്കണമെന്ന് ഫെയ്‌സ്ബുക് പറയുന്നത്. തമിഴ്‌നാട് പൊലീസ് പറയുന്നത് ആധാര്‍ നമ്പര്‍ സമൂഹ മാധ്യമ പ്രൊഫൈലുകളുമായി ബന്ധിപ്പിച്ചേ മതിയാകു എന്നാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
അതുപോലെ, തന്റെ കക്ഷിയുടെ പ്ലാറ്റ്‌ഫോം എങ്ങനെ നടത്തണമെന്ന് മറ്റാര്‍ക്കും പറയാനാവില്ലെന്നും രോഹത്ഗി കോടതിയെ അറിയിച്ചു. ആധാര്‍ നമ്പര്‍ എങ്ങനെയാണ് ഒരു സ്വകാര്യ കമ്പനിക്കു നല്‍കുക എന്നും അദ്ദേഹം ചോദിച്ചു. ആധാര്‍ നമ്പര്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നതിനും മറ്റ് ഏതാനും കാര്യങ്ങള്‍ക്കും മാത്രം ഉപയോഗിച്ചാല്‍ മതി എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ബാങ്കില്‍ അക്കൗണ്ട് തുറക്കാനോ, മൊബൈല്‍ ഫോണുകള്‍ക്കുള്ള സിം കാര്‍ഡ് എടുക്കാനോ പോലും നല്‍കണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് സ്വന്തം റിസ്‌കില്‍ അതു നല്‍കുകയും ചെയ്യാം. സമൂഹ മാധ്യമങ്ങളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചാല്‍ അവ ഹാക്കു ചെയ്താല്‍ എന്തു സംഭവിക്കുമെന്ന ചോദ്യവും ഉയരുന്നു.