Wednesday, 22nd January 2025
January 22, 2025

പുതിയ ടാഗ് ഉപകരണവുമായി ആപ്പിൾ

  • September 3, 2019 3:13 pm

  • 0

ബാഗുകളും പേഴ്‌സും മറ്റു സാധനങ്ങളും നഷ്ടപ്പെടുന്നതു ഒഴിവാക്കാനോ, നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാനോ സഹായിച്ചേക്കാവുന്ന സവിശേഷമായ ഒരു സ്മാര്‍ട് ട്രാക്കിങ് ഉപകരണം ആപ്പില്‍ കമ്പനി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ ടാഗ് എന്നു പേരിട്ടേക്കാവുന്ന ഇത് നന്നെ ചെറിയ ഉപകരണമായിരിക്കാം. കമ്പനിക്കുള്ളില്‍ ‘B389’ എന്ന കോഡ് നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. അടുത്ത മാസം ലഭ്യമാക്കുന്ന ഐഒഎസ് 13ന്റെ ഫൈന്‍ഡ് മൈ (Find My) ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും ഇതു പ്രവര്‍ത്തിക്കുക എന്നാണ് മാക് റൂമേഴ്‌സ് വെബ്‌സൈറ്റ് പറയുന്നത്. ഫൈന്‍ഡ് മൈ ഐഫോണ്‍, ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ് എന്നീ ആപ്പുകളെ ഒരുമിപ്പിച്ചാണ് പുതിയ ഫൈന്‍ഡ് മൈ എത്തുന്നത്.

ഫൈന്‍ഡ് മൈ’യ്ക്ക് മൂന്നു ടാബുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. മൂന്നാമത്തെ ടാബായിരിക്കും ഫൈന്‍ഡ് മൈ ഐറ്റംസ്. ഉപയോക്താവിന്റെ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടാല്‍ കണ്ടെത്താനും സാഹിയിക്കുന്ന ഒന്നായിരിക്കുമിത്. ‘ആപ്പിള്‍ ടാഗ്പിടിപ്പിച്ച നിങ്ങളുടെ വസ്തു പരിധിക്കു വെളിയില്‍ പോകുമ്പോള്‍ (പേഴ്‌സ്, ബാഗ് തുടങ്ങിയവ) നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ഫൈന്‍ഡ് മൈ ആപ്പിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ ട്രാക്കര്‍ വലിയ ശബ്ദം പുറപ്പെടുവിപ്പിക്കും. ഇതെല്ലാം എല്ലാ ബ്ലൂടൂത്ത് ട്രാക്കറുകളിലും ഉള്ളതാണ്.

എന്നാല്‍, അടുത്ത ഭാഗമാണ് കൂടുതല്‍ രസകരം. നിങ്ങളുടെ വസ്തു ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടാല്‍, വസ്തുവിനെ ഫൈന്‍ഡ് മൈ ആപ് നഷ്ടപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്തും. ഇനി മറ്റേതെങ്കിലും ഐഫോണ്‍ ഉടമ നിങ്ങളുടെ നഷ്ടപ്പെട്ട വസ്തു കണ്ടെത്തുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പറും മറ്റും കൊടുക്കും. നിങ്ങള്‍ക്കും ഈ സമയത്ത് വസ്തു കണ്ടെത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും!

മറ്റൊരു മേന്മ ആപ്പിള്‍ ടാഗില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ശേഷിയാണ്. ഐഒഎസ് 13ന്റെ ബീറ്റാ പതിപ്പില്‍ ഒരു ചുവന്ന നിറത്തിലുള്ള 3ഡി ബലൂണ്‍ കാണാം. ഇത് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ നഷ്ടപ്പെട്ട വസ്തു അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്താം.

ആപ്പിള്‍ ടാഗ് വൃത്താകൃതിയിലുള്ള ഓരു ചെറിയ ട്രാക്കിങ് ഉപകരണമായിരിക്കാം എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ഇതില്‍ നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ആയിരിക്കാം ഉപയോഗിക്കുക എന്നതാണ് മറ്റൊരു പ്രത്യേകത. മാസങ്ങളായി ആപ്പിള്‍ ഇത്തരമൊരു ഉപകരണമിറക്കാനുള്ള ശ്രമത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. പുതിയ വിവരങ്ങള്‍ അനുസരിച്ച് ആപ്പിള്‍ ടാഗും ഈ മാസം 10നു നടക്കുന്ന ചടങ്ങില്‍ അവതരിപ്പിച്ചാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് പറയുന്നത്.

പൊട്ടിയ ആപ്പിള്‍ വാച് സീരിസ് 3, 4 സ്‌ക്രീനുകള്‍ ഫ്രീയായി മാറ്റി നല്‍കും

ആപ്പിള്‍ വാച്ച് സീരിസ് 2, 3 എന്നിവയിലെ അലൂമിനിയം മോഡലുകളുടെ സ്‌ക്രീനുകള്‍ക്ക് വിള്ളല്‍ വീഴുന്നതായി കണ്ടതിനാല്‍ ഇവയുടെ സ്‌ക്രീനുകള്‍ കമ്പനി ഫ്രീയായി മാറ്റിവച്ചു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സീരിസിലുള്ള വാച്ചുകളുടെ അരികുകളില്‍ തുടങ്ങുന്ന പൊട്ടല്‍ സ്‌ക്രീന്‍ മുഴുവനും വ്യാപിക്കുന്നുവെന്നും അത്തരം വാച്ചുകളുടെ സ്‌ക്രീനുകള്‍ കാശീടാക്കാതെ മാറ്റിവച്ചു കൊടുക്കുമെന്നും കമ്പനി പറയുന്നു. വിവിധ രാജ്യങ്ങളില്‍ ഇതു തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയും ഈ പ്രോഗ്രാമിനു കീഴെയുണ്ട്. നിര്‍മാണപ്പിഴവു മൂലമുള്ള സ്‌ക്രീന്‍ പൊട്ടലാണ് നന്നാക്കി കൊടുക്കുന്നത്. നിലത്തു വീണും മറ്റും പൊട്ടിയ സ്‌ക്രീനുകള്‍ക്ക് ഇതു ബാധകമല്ല.