Thursday, 23rd January 2025
January 23, 2025

റോഡിൽ വൻപിഴ ശിക്ഷ; കോടതിയിൽ ജനം സർക്കാർ ആശയകുഴപ്പത്തിൽ

  • September 3, 2019 2:20 pm

  • 0

റോഡിൽ വൻപിഴ ശിക്ഷ; കോടതിയിൽ അടച്ചോളാമെന്നു ജനം, ആകെ ആശയക്കുഴപ്പം

തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടി വരെ ഉയർത്തിയതോടെ നിയമലംഘകർക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിലും മോട്ടർ വാഹന വകുപ്പിലും പരക്കെ ആശയക്കുഴപ്പം. ഹെൽമറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരിൽ നല്ലൊരു പങ്കും പണം നൽകാൻ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോയി

മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ‌ ഇപ്പോൾ‌ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ സമൻസ് നൽകാനും മറ്റും മോട്ടർവാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല

സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവർ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാൽ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഇൗടാക്കിയിരുന്ന മൊബൈൽ കോടതികളാകട്ടെ നിർത്തലാക്കിയിട്ട് 2 വർഷമായി

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ‌ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽ‌പോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാനവീഥികളിൽ സ്ഥാപിച്ച ക്യാമറകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നുമില്ല. ‌

മഴക്കാലമായതിനാൽ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരിൽ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഇൗയാഴ്ച പിഴ ഇൗടാക്കുന്നതിൽ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും തീരുമാനം. ബോധവൽക്കരണത്തിനാണു മുൻതൂക്കം

ഡിജിറ്റൽ പകർപ്പ് മതി

തിരുവനന്തപുരം∙ വാഹനമോടിക്കുന്നവർ പരിശോധന സമയത്ത് ലൈസൻസിന്റെയും മറ്റു രേഖകളുടെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന് മോട്ടർ വാഹന വകുപ്പ്. രേഖകൾ നൽകാൻ വിസമ്മതിച്ചാൽ‌ 2000 രൂപയാണ് ഇപ്പോൾ പിഴ. ലൈസൻസ് ഇല്ലെങ്കിൽ 5000 രൂപയും ഇൻഷുറൻസ് കരുതാതിരുന്നാൽ 2000 രൂപയും നൽകണം. രേഖകൾ കൈവശമില്ലെങ്കിൽ മൊബൈൽ ഫോണിലെ ‘ഡിജിലോക്കറിൽ’ ഇവ കാട്ടിയാൽ മതി. രേഖകളുടെ ഫോട്ടോ ഫോണിൽ ഉണ്ടെങ്കിൽ അതും കാണിക്കാം. എന്നാൽ, ഇവയുടെ ആധികാരികത സംബന്ധിച്ചു സംശയം ഉന്നയിച്ചാൽ ഒറിജിനൽ കാട്ടാൻ വാഹനമോടിക്കുന്നയാൾ ബാധ്യസ്ഥനാണ്. ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് രേഖ, നികുതി അടച്ച രസീത്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയാണ് വാഹനത്തിൽ കരുതേണ്ടത്