Thursday, 23rd January 2025
January 23, 2025

ഷെയിന്‍ നിഗത്തിന്​ പിന്തുണയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍

  • November 29, 2019 5:20 pm

  • 0

കോഴിക്കോട്​: നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ നടന്‍ ഷെയിന്‍ നിഗത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങള്‍ സജീവമാണ്​. ഇതിനിടെ സംവിധായകന്‍ രാജീവ്​ രവി, ബൈജു കൊട്ടാരക്കര, ഷാനവാസ്​.കെ. ബാപ്പുട്ടി, നടി മാല പാര്‍വതി തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ ഷെയിനിനെ പിന്തുണച്ച്‌​ രംഗത്തെത്തി.

നിര്‍മാതാക്കളുടെ വിലക്ക്​ മറികടന്ന്​ ഷെയിന്‍ നിഗം തിരിച്ചുവരുമെന്ന്​ സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. തുടര്‍ന്നും അയാള്‍ സിനിമയിലുണ്ടാവും. ഷെയിന്‍ തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത്​ കൊച്ചിയില്‍ എം.ജി റോഡിലൂടെ നടക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം തിരിച്ചു വന്നാല്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ എന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.ജഗതി ശ്രീകുമാര്‍, സുകുമാരന്‍, വിനയന്‍ തുടങ്ങി നിരവധിയാളുകളെ വിലക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്കുറേക്കാലം വിനയനെ വിലക്കിയിട്ടും വിനയന്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്​ബുക്കിലൂടെയാണ്​ ബൈജു കൊട്ടാരക്കര നിര്‍മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്​.

ഷെയിന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും രംഗ​ത്തെത്തി. താന്‍ ഷെയിനിനെ വച്ച്‌ സിനിമ ചെയ്യും. വേണ്ടിവന്നാല്‍ അദ്ദേഹത്തെ തന്‍റെ അസിസ്റ്റന്‍റാക്കും. ഷെയിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ല. എന്നാല്‍ അതിന്‍റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും രാജീവ് രവി പറഞ്ഞു. സിനിമയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതും കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നതുമൊന്നും ആരും ശ്രദ്ധിക്കുന്നില്ലല്ലോ എന്നും രാജീവ്​ രവി കൂട്ടിച്ചേര്‍ത്തു.

തന്‍റെ കിസ്​മത്ത്‘​ എന്ന സ്വപ്ന സിനിമ പൂര്‍ത്തിയാക്കാന്‍ കാരവനും എ.സി മുറിയും പ്രതിഫലവുമില്ലാതെ കഷ്ടപ്പെട്ട ഷെയിന്‍ നിഗം നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണെന്ന് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി അഭിപ്രായപ്പെട്ടു. ഫേസ്​ബുക്ക്​ കുറിപ്പിലാണ്​ ഷാനവാസ് ബാവക്കുട്ടി ഷെയിന്‍ നിഗത്തെ പിന്തുണച്ച്‌​ രംഗ​ത്തെത്തിയത്​. ‘ഉല്ലാസത്തിന്‍െറ ഡബ്ബിംഗ് പൂര്‍ത്തിരിച്ച്‌, ‘വെയില്‍‘, ‘കുര്‍ബാനിഎന്നിവയുടെ ചിത്രീകരണം പൂര്‍ത്തികരിച്ച്‌ വലിയ പെരുന്നാള്‍സൂപ്പര്‍ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയില്‍ ഹിറ്റടിച്ച്‌ വിജയശ്രീലാളിതനായി നില്‍ക്കുന്ന ഷെയിന്‍ നിഗത്തെ കാണാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബാണെന്ന്​ നടി മാല പാര്‍വതി അഭിപ്രായ​െപ്പട്ടു. കടല് ഇരമ്ബി വരുന്ന അത്രയും ആഴത്തിലുള്ളതു​ം സത്യസന്ധവുമാണ്​ ഷെയിനിന്‍െറ വികാരങ്ങളെന്നും അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ലെന്നും​ പാര്‍വതി ഫേസ്​ബുക്കില്‍ കുറിച്ചു. അച്ചടക്കമുള്ള നല്ലകുട്ടിയല്ല ഷെയിന്‍. കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സില്‍ തോന്നുന്നതൊക്കെ പറഞ്ഞെന്നു വരും. അത് തിരുത്തിയെന്ന് വരും. പിന്നെയും അതിലേക്ക് മടങ്ങിയെന്ന് വരും. സത്യത്തില്‍ അങ്ങനെയുള്ളവര്‍ ഉള്ളിലനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നതെന്നും പാര്‍വതി വ്യക്തമാക്കി.