Thursday, 23rd January 2025
January 23, 2025

നടന്മാര്‍ മാത്രമല്ല നടിമാരടക്കം എല്ലാവരും ലഹരി ഉപയോഗിക്കുന്നുണ്ട്; നടന്‍ ബാബുരാജ്

  • November 29, 2019 3:50 pm

  • 0

ഷെയിന്‍ നിഗത്തിന്റെ പേരില്‍ തുടങ്ങിയ വിവാദങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെങ്കില്‍ മൂന്നോളം സിനിമകളാണ് ഇപ്പോള്‍ സമാനമായ പ്രശ്‌നത്തില്‍ എത്തിയിരിക്കുന്നത്. ഷെയിന്‍ അഭിനയിക്കാന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് ആയിരുന്നു പരാതിയുമായി എത്തിയത്.

കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ഷെയിനെ വിലക്ക് ഏര്‍പ്പെടുത്തിയതായും അറിയിച്ചിരുന്നു. അതിനൊപ്പം സിനിമാ മേഖലയില്‍ വ്യാപകമായി മയക്ക് മരുന്നുകളുടെ ഉപയോഗം ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ശരി വെച്ചിരിക്കുകയാണ് നടനും അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്.

കേരള പോലീസ് ഇതില്‍ അന്വേഷം നടത്തിയാല്‍ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ കുടുങ്ങും. ഫോണ്‍ വിളിച്ചാല്‍ പോലും പല ആര്‍ട്ടിസ്റ്റുകളും എടുക്കാറില്ല. നിര്‍മാതാക്കളുടെ സംഘടന പറഞ്ഞ കാര്യം സത്യമാണ്. ഓരോരുത്തരുടെ പെരുമാറ്റം കണ്ടാല്‍ അറിയാം. ഇതൊരു പാഷന്‍ ആയി മാറിയിരിക്കുകയാണ്. കഞ്ചാവ് ഒക്കെ വിട്ട് അതിലും വലിയ തലത്തിലേക്ക് കാര്യങ്ങള്‍ പോയി. ന്യൂജെന്‍ സിനിമയില്‍ ഇതുവേണമെന്ന് പറയുന്നത്. ഇതൊക്കെ ഉപയോഗിക്കാത്തവന്‍ ഒന്നിനും കൊള്ളില്ലെന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ മാത്രമായി സിനിമ ചെയ്യുന്നവരുണ്ടെന്നും ബാബുരാജ് പറയുന്നു.

എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ ഷൂട്ടിങിന് വേണ്ടി ഞാന്‍ ലൊക്കേഷനില്‍ എത്തി. പന്ത്രണ്ട് മണി വരെ കാത്ത് നിന്നും ഷൂട്ട് തുടങ്ങിയില്ല. പിന്നെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് ഇന്ന് ഷൂട്ട് ഉണ്ടാവില്ലെന്ന് പറയുന്നത്. അന്വേഷിച്ചപ്പോള്‍ ആ സിനിമയില്‍ അഭിനയിക്കേണ്ട നടന്‍ വന്നിട്ടില്ല. അദ്ദേഹം വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. പതിനൊന്ന് മണിയ്ക്കാണ് ഫോണ്‍ എടുത്ത് വരാന്‍ പറ്റില്ലെന്ന് പറയുന്നത്. അങ്ങനെയാണ് സിനിമ. ഒരു നിര്‍മാതാവിന്റെ ചങ്ക് ഇടിക്കുന്ന കാര്യമാണിത്.

ഷൂട്ട് നടക്കേണ്ട രാവിലെ ഒരു നടന്‍ വിളിച്ച് ഞാന്‍ വരില്ലെന്ന് പറയുന്നു. ഇതൊക്കെ ഇപ്പോള്‍ ഉണ്ടായ കീഴ്‌വഴക്കമാണ്. ഇത് നിര്‍ത്തേണ്ട സമയമായി. ഇതെല്ലാം ലഹരി കാരണമാണ്. കള്ള് കുടിക്കുന്നത് പോലെയല്ല ലഹരി മരുന്ന് ഉപയോഗിക്കുന്നത്. നടന്മാര്‍ മാത്രമല്ല നടിമാര്‍, എഴുത്തുകാര്‍, സംവിധായകന്മാര്‍, സിനിമ മേഖലയിലുള്ള എല്ലാവരും തന്നെ ഇതെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും ബാബുരാജ് വ്യക്തമാക്കുന്നു.

ഷെയിന്റെ കാര്യത്തില്‍ പ്രശ്‌നം ഒത്തു തീര്‍പ്പ് ആവുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് ഷെയിന്‍ അമ്മയില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന പലരും അമ്മയില്‍ അംഗങ്ങള്‍ അല്ല. അവര്‍ക്ക് സംഘടനയുടെ ഭാഗമാവാന്‍ താല്‍പര്യമില്ലെന്നാണ് ബാബുരാജ് വ്യക്തമാക്കുന്നത്. ഷെയിന്റെ വീഡിയോ കണ്ടാല്‍ പലര്‍ക്കും അത് മനസിലാവും. ഈ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതി ഉണ്ടെന്നും താരം കൂട്ടി ചേര്‍ത്തു.

പുതിയ തലമുറയിലെ ചില ചെറുപ്പക്കാര്‍ക്ക് അച്ചടക്കമില്ലായ്മ ഉണ്ടെന്നും കഞ്ചാവ്, എല്‍ എസ് ഡി പോലെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമായി ഇവര്‍ക്കിടയില്‍ ഉണ്ടെന്നുമായിരുന്നു നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചത്‘. ഒരാളും കാരവനില്‍ നിന്നും ഇറങ്ങുന്നില്ല. എല്ലാ കാരവനുകളും പരിശേധിക്കണം. ഷെയിന്‍ മാത്രമല്ല പ്രശ്‌നക്കാര്‍. കൃത്യമായി ലൊക്കേഷനില്‍ വരാത്ത വേറെയും നടന്മാരുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.