Wednesday, 22nd January 2025
January 22, 2025

എലിപ്പനി പടരുന്നതായി ആരോ​ഗ്യവകുപ്പ്; എങ്ങനെ പ്രതിരോധിക്കാം

  • August 28, 2019 10:47 am

  • 0

പ്രളയാനന്തരം പല ജില്ലകളിലും എലിപ്പനി പടരുന്നതായി ആരോ​ഗ്യവകുപ്പ്. ഈ മാസം ഇതുവരെ 350 ഓളം പേർക്ക് രോ​ഗം പിടിപ്പെട്ടു. ഇക്കൊല്ലം ഇതുവരെ രോ​ഗം ബാധിച്ചത് 1,476 പേർക്കാണ്. ജീവൻ നഷ്ടമായത് 56 പേർക്കും. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസെെക്ലിൻ പരിപാടികളും ആരോ​ഗ്യവകുപ്പ് ഊർജിതമാക്കി. അതേസമയം, പ്രതീക്ഷിച്ചതിനെക്കാളും കുറഞ്ഞ തോതിലാണ് രോ​ഗം പടർന്നതെന്ന് ആരോ​ഗ്യവകുപ്പ് അഡീഷണൽ ഡയക്ടറർ ഡോ.വി മീനാ​ക്ഷി പറഞ്ഞു.

രോ​ഗാണുവാഹകരായ എലി, കന്നുകാലികൾ, നായ, പന്നി, കുറുക്കൻ എന്നിവയുടെ മൂത്രം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കലരാനിടയുണ്ട്. ജലാശയങ്ങൾ, ഓടകൾ , കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ മുൻകരുതലുകളില്ലാതെ ഇറങ്ങുകയോ ജോലി ചെയ്യുകയോ കുളിക്കുകയോ ചെയ്യുന്നതിലൂടെ രോ​ഗാണു മനുഷ്യശരീരത്തിലെത്താം. കെെകാലുകളിലെ പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോ​ഗാണു ശരീരത്തിൽ പ്രവേശിക്കാം.

എലിപ്പനി എങ്ങനെയാണ് മരണകാരണമാകുന്നത്?

ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. വീൽസ് സിൻഡ്രോം എന്നു വിളിക്കുന്ന ഈ അവസ്ഥയിൽ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടർന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തിൽ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതൽ സങ്കീർണമാകുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

ആവർത്തിച്ച് വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്ന വീട്ടുകാരും വീട് ശുചീകരിക്കാൻ എത്തുന്ന സന്നദ്ധപ്രവർത്തകരും നിർബന്ധമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്. ഡോക്സിസൈക്ക്ലിൻ (Doxycycline) ആന്റി ബയോട്ടിക്ക് 100 മി ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ് ചയിൽ ഒന്ന് വീതം ആറാഴ്ച കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും ചിലർക്ക് ഡോക്സി സൈക്ക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങനെയുള്ളവർ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കുക.