Thursday, 23rd January 2025
January 23, 2025

45 ലക്ഷം വാഗ്ദാനം ചെയ്തു,നല്‍കിയത് 25 ലക്ഷത്തിന്റെ കരാര്‍

  • November 28, 2019 3:53 pm

  • 0

കൊച്ചി: ഷെയ്‌നിനെതിരായ പരാതികള്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം ചര്‍ച്ച ചെയ്യുകയാണ്. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപ കൂടി ഷൈന്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ നിര്‍മാതാവിന്റെ ആരോപണം തള്ളി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം.

ഈ സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നാണ് ഷെയ്ന്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ കാണിച്ചുഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി.

വെയില്‍, ഉല്ലാസം സിനിമകളുമായി ബന്ധപ്പെട്ട പരാതികളാണ് ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യുന്നത്. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഷെയ്ന്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടുവെന്നാണ് നിര്‍മ്മാതാക്കള്‍ പരാതിപ്പെട്ടത്. പണം കൂട്ടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.