ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പൊലീസ്; യാത്രക്കാരന് തലയ്ക്ക് ഗുരുതര പരിക്ക്
November 28, 2019 5:20 pm
0
കൊല്ലം: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി പോലീസിന്റെ ക്രൂരത. കൊല്ലം കടയ്ക്കലിലാണ് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് പിന്നാലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനങ്ങള്‍ പാരിപ്പള്ളി–മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്തു സംഘര്‍ഷാവസ്ഥയുമുണ്ടായി. സംഭവംവ വിവാദമായതോടെ ലാത്തിയെറിഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു
ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടികൂടരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിനു തൊട്ടുപിന്നാലെയാണ് പോലീസ് കോടതിയെ വെല്ലുവിളിച്ച് യുവാവിനെ എറിഞ്ഞിട്ടത്. ട്രാഫിക് ലംഘനം കണ്ടെത്താന്‍ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങള്‍ ഉപയോഗിക്കണം. റോഡിനു മധ്യത്തില്‍ നിന്നുള്ള ഹെല്‍മെറ്റ് പരിശോധന പാടില്ല. ഹെല്‍മെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടത്. ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.