Sunday, 26th January 2025
January 26, 2025

കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍

  • November 28, 2019 1:02 pm

  • 0

കാഞ്ഞങ്ങാട്: സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞതോടെ കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ക്കായാണ് അധികൃതര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷണം ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുക ചെയ്താല്‍ അഞ്ച് ലക്ഷംരൂപ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും.

കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കുകള്‍ കലോത്സവ നഗരിയില്‍ യാതൊരു കാരണവശാലും വില്‍പന അനുവദിക്കില്ലലേബലില്‍ ഭക്ഷ്യവസ്തുവിന്റെ പേര്, തൂക്കം, വില തുടങ്ങിയ വിവരങ്ങള്‍ ഇല്ലാത്ത പക്ഷം മൂന്ന് ലക്ഷംരൂപ വരെ ശിക്ഷ ലഭിക്കും. ഭക്ഷണം പാചകം ചെയ്ത് വില്‍പന നടത്തുന്നവര്‍ ഗുണനിലവാരമുള്ളതും മായം ചേര്‍ക്കാത്തതുമായ അസംസ്‌കൃത വസ്തുക്കള്‍ വേണം ഉപയോഗിക്കാന്‍. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധ ജലമാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം. പരിശോധനാ റിപ്പോര്‍ട്ട് ഹോട്ടലുകളിലും ബേക്കറികളിലും ശീതളപാനീയ കടകളിലും സൂക്ഷിക്കുകയും പരിശോധന സമയത്ത് ഹാജരാക്കുകയും വേണമെന്ന് അറിയിപ്പില്‍ പറയുന്നു.

ഭക്ഷണം കൈകാര്യംചെയ്യുന്ന ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും പരിശോധന സമയത്ത് ഹാജരാക്കുകയും വേണം. റഫ്രിജിറേറ്റില്‍ സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൃത്യമായ താപനില ഉറപ്പുവരുത്തണം. ഭക്ഷണം വില്‍പ്പന നടത്തുകയും പാകം ചെയ്യുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നവര്‍ പഴകിയതോ കേടുവന്നതോ ആയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചാല്‍ പിഴ ശിക്ഷ കൂടാതെ ലൈസന്‍സ് റദ്ദാക്കല്‍ ,സ്ഥാപനം അടച്ചു പൂട്ടല്‍ എന്നീ നടപടികളും നേരിടേണ്ടി വരുമെന്ന് അറിയിപ്പില്‍ പറയുന്നു.