689 713: അയ്യപ്പന്റെ സ്വന്തം പിന്‍ കോഡ്
November 28, 2019 9:50 am
0
ശബരിമല: രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍ കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശബരിമല അയ്യപ്പന്‍. ഇന്ത്യന്‍ പ്രസിഡന്‍റാണ് മറ്റൊരാള്‍. 689 713 എന്നതാണ് അയ്യപ്പസ്വാമിയുടെ പിന്‍ കോഡ്. സന്നിധാനം തപാല്‍ ഓഫിസിെന്‍റ പിന്‍ കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് പിന്‍ കോഡും തപാല്‍ ഓഫിസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍ കോഡ് നിര്‍ജീവമാകും.
സന്നിധാനത്തെ തപാല്‍ ഓഫിസിനു പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കാന്‍ നിരവധി തീര്‍ഥാടകരാണ് സന്നിധാനം തപാല്‍ ഓഫിസിലെത്തുന്നത്.
ഉത്സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസിലെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉത്സവകാലത്താണ് ഇവ വെളിച്ചം കാണുക. ഈ തപാല്‍ഓഫിസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറുകളിലുമുണ്ട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യലാഭത്തിനും ആകുലതകള്‍ പങ്കുവെച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍.
ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ക്ഷണക്കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പെന്റെ പേരില്‍ വിവിധ കോണുകളില്‍നിന്ന് ഭക്തര്‍ അയക്കുന്നത്. ഈ കത്തുകള്‍ അയ്യപ്പനു മുന്നില്‍ സമര്‍പ്പിച്ചശേഷം എക്‌സി.ഓഫിസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെ തന്നെ. ഉത്സവകാലം കഴിഞ്ഞാല്‍ കത്തുകളും മണിഓര്‍ഡറുകളും വടശ്ശേരിക്കര പോസ്‌റ്റ് ഓഫിസിലാണ് എത്തുക.
1984ലാണ് സന്നിധാനത്ത് തപാല്‍ഓഫിസ് ആരംഭിക്കുന്നത്. അതിനുമുമ്ബ് കുമളി, തേക്കടിവഴി കാനനപാതയിലൂടെ കാല്‍നടയായാണ് അഞ്ചലുകള്‍ വന്നിരുന്നത്. മാറിയ കാലത്തിനനുസരിച്ച് വിവിധ സൗകര്യങ്ങളും സന്നിധാനം തപാല്‍ഓഫിസില്‍ ലഭ്യമാണ്. സ്വാമിവേഷത്തില്‍ സന്നിധാനം പശ്ചാത്തലമാക്കിയുള്ള സ്വന്തം ഫോട്ടോ പതിപ്പിച്ച തപാല്‍ സ്റ്റാമ്ബ് തയാറാക്കുന്നതാണ് അതിലൊന്ന്. തപാല്‍വകുപ്പിെന്റെ മൈസ്റ്റാമ്ബ് പദ്ധതിയില്‍പെടുത്തിയാണിത്. 300രൂപ നല്‍കിയാല്‍ 16 സ്റ്റാമ്ബുകളുള്ള ഒരുഷീറ്റ് ലഭിക്കും. കത്തുകളയക്കാനും സ്റ്റാമ്ബ് ശേഖരണത്തിനും പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനും ഇതുപയോഗിക്കാം. പോസ്റ്റ് മാസ്റ്റര്‍ക്ക് പുറമെ രണ്ട് പോസ്റ്റ്മാന്‍മാരും രണ്ട് പോസ്റ്റല്‍ അസിസ്റ്റന്‍റുമാരുമാണ് ഇവിടെയുള്ളത്.