ഒരുമാസം നീണ്ട അജ്ഞാതവാസം തീര്‍ന്നു; ഒടുവില്‍ രാഹുല്‍ ‘പ്രത്യക്ഷപ്പെട്ടു’
November 26, 2019 3:50 pm
0
ഒരുമാസം നീണ്ട അജ്ഞാതവാസത്തിനുശേഷം കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മടങ്ങിയെത്തി. തിങ്കളാഴ്‌ച ലോക്‌സഭയില്‍ ആദ്യ ചോദ്യത്തിനുള്ള അവസരം രാഹുലിനായിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല.
ഇപ്പോള്‍ ചോദ്യം ഉന്നയിക്കേണ്ട ഘട്ടമല്ലെന്നും മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടിരിക്കയാണെന്നും രാഹുല്‍ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞയുടന്‍ മടങ്ങി. 12 മണിക്കും പിന്നീട് രണ്ടുമണിക്കും സഭ ചേര്‍ന്നപ്പോള്‍ രാഹുലുണ്ടായില്ല.
വനിതാ എംപിമാരെ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന ഗുരുതര ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ രാഹുലിന്റെ അഭാവം പ്രകടമായി. വനിതാ എംപിമാര്‍ കൈയേറ്റം ചെയ്യപ്പെട്ടതിനെതിരായി ഒരു പ്രസ്‌താവനപോലും രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സഭാനടപടികളില്‍ സജീവമായി പങ്കാളിയാകുന്നതില്‍ രാഹുല്‍ പ്രകടമാക്കുന്ന നിസ്സംഗതയില്‍ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതൃപ്‌തരാണ്.
ഒക്ടോബര്‍ അവസാനമാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്കുപോയത്. എവിടേക്കാണ് പോയത് എന്നത് അജ്ഞാതമാണ്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ മടങ്ങിയെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നതെങ്കിലും വിദേശവാസം അനന്തമായി നീളുകയായിരുന്നു. രാഹുലിന്റെ അഭാവത്തില്‍ സാമ്ബത്തികവിഷയങ്ങള്‍ ഉയര്‍ത്തി ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രക്ഷോഭപരിപാടി പലവട്ടം മാറ്റിവയ്‌ക്കേണ്ടതായിവന്നു. ഡിസംബര്‍ അഞ്ചുമുതല്‍ 15വരെ നടത്താനാണ് ഏറ്റവും ഒടുവിലെ തീരുമാനം.
ലോക്‌സഭയിലെ മറ്റ് എംപിമാരെല്ലാംതന്നെ അവരുടെ മണ്ഡലം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമ്ബോള്‍ വയനാടിനായി സംസാരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. വയനാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന രാത്രിയാത്രാനിരോധനമടക്കം സഭയില്‍ ഉയര്‍ത്താന്‍ രാഹുല്‍ തയ്യാറായിട്ടില്ല.