ആരാധകരെ ഞെട്ടിച്ച് പുത്തന്‍ ലുക്കില്‍ ഷെയ്ന്‍ നിഗം
November 25, 2019 6:40 pm
0
വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവേള നല്‍കി ഇനി ഒന്ന് റിലാക്സ് ചെയ്യാന്‍ ഷെയ്ന്‍ നിഗം. മുടിയൊക്കെ വെട്ടി പുതിയ ലുക്കിലുള്ള ചിത്രങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഷെയ്ന്‍ മുടിവെട്ടി പുതിയ സ്റ്റൈല്‍ സ്വീകരിച്ചിരിക്കുന്നത്.
‘വെയിലി‘ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ ‘കുര്‍ബാനി‘യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി‘ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു.
അതേസമയം നാലേ മുക്കാല്‍ കോടിയിലേറെ രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് ‘വെയില്‍‘ എന്നും എന്നാല്‍ ഇപ്പോള്‍ ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുന്നുവെന്നുമായിരുന്നു ജോബി ജോര്‍ജ് പറഞ്ഞു. “30 ലക്ഷം രൂപയോളം പ്രതിഫലമായി ഷെയ്നു നല്‍കിയതാണ്, എന്നാല്‍ ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 40 ലക്ഷം പ്രതിഫലം വേണമെന്നാണ് ഷെയ്ന്‍ ആവശ്യപ്പെടുന്നത്,” എന്നായിരുന്നു ജോബിയുടെ വാദം. എന്നാല്‍ താരസംഘടനയായ അമ്മ ഇടപെട്ട് ഇരുവര്‍ക്കുമിടയിലെ പ്രശ്നം പരിഹരിച്ചു.
എന്നാല്‍ ഷെയ്ന്‍ സിനിമയോട് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകനും പിന്നീട് രംഗത്തെത്തി. ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോബി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.
ഷെയ്നിന്റെ നിസഹകരണത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിന്‍ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാല്‍ ഏറെ നേരം കാരവനില്‍ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ച് ഷെയ്‌ന്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും നേരത്തെയുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം നവംബര്‍ 16ന് വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് ജോയിന്‍ ചെയ്തുവെന്നും ഷെയ്ന്‍ വ്യക്തമാക്കി. ചിത്രീകരണത്തില്‍ പങ്കെടുത്ത സമയവിവരം ഉള്‍പ്പടെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.
“സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.” ഷെയ്ന്‍ നിഗം പറഞ്ഞു.