കശ്‍മീര്‍ വിഷയത്തില്‍ ട്രംപ് നിലപാട് മാറ്റുമോ ? മോദി – ട്രംപ് കൂടിക്കാഴ്ച ഇന്ന്
August 26, 2019 2:43 pm
0
പാരീസ്: ജി ഏഴ് ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കശ്മീർ വിഷയം ചർച്ചയാവുമെന്നാണ് സൂചന. ജമ്മുകശ്മീരിൽ ഒരു ബാഹ്യ ഇടപെടലും ആവശ്യമില്ലെന്ന് മോദി ട്രംപിനെ അറിയിക്കും.
പാകിസ്ഥാൻ വിഷയം രാജ്യാന്തര വേദികളിൽ എത്തിക്കാനുള്ള നീക്കം തുടരവേ ആണ് ഡോണൾഡ് ട്രംപുമായി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച. കശ്മീരിൽ മധ്യസ്ഥതയ്ക്ക് മോദി നിർദ്ദേശിച്ചു എന്ന ട്രംപിന്‍റെ പ്രസ്താവന ഇന്ത്യയിൽ വൻ വിവാദത്തിനിടയാക്കിയിരുന്നു. വാദം ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇന്ത്യയുടെ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള നടപടികൾ മാത്രമാണ് കൈക്കൊണ്ടത് എന്ന് മോദി ട്രംപിനെ അറിയിക്കും. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദമാണ് ജമ്മുകശ്മീരിലെ ഏറ്റവും പ്രധാവ വിഷയമെന്നും ഇന്ത്യ വ്യക്തമാക്കും. മൂന്നാം ശക്തി ഈ പ്രശ്നത്തിൽ ഇടപെടേണ്ടെന്ന നിലപാട് ആവർത്തിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര രംഗത്തെ തർക്കവും ചർച്ചയാകും. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ഒത്തുതീർപ്പിനും ഇന്ത്യ ശ്രമിക്കും.
ജർമ്മൻ ചാനസലർ എഞ്ചലോ മർക്കലിനോടും മോദി ഭീകരവിരുദ്ധ നീക്കത്തിന് പിന്തുണ തേടും. ജി എഴിൽ ഇന്ത്യയെ പ്രത്യേക അതിഥിയായാണ് ഇത്തവണ ക്ഷണിച്ചത്. രണ്ടു പ്രധാന സെഷനിലാണ് മോദി പങ്കെടുക്കുന്നത്. യുഎഇ, ബഹറൈൻ എന്നീ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ നേടിയ ശേഷമാണ് മോദി ഫ്രാൻസിൽ എത്തിയിരിക്കുന്നത്. കശ്മീരിലെ സ്ഥിതി സ്ഫോടനാത്മകം എന്ന് നേരത്തെ പറഞ്ഞ ട്രംപ് ഈ കൂടിക്കാഴ്ചയ്ക്കു ശേഷം എന്തു നിലപാടു പറയും എന്നത് പ്രധാനമാകും.
അതിനിടെ ജമ്മു കശ്മീരിൽ ഇന്നലെ സിവിൽ സെക്രട്ടറിയേറ്റിനു മുകളിൽ ത്രിവർണ്ണ പതാക മാത്രം ഉയർന്നു. ജമ്മുകശ്മീർ പതാക കൂടി ഉയർത്തിയിരുന്ന പതിവാണ് ഇന്നലെ മുതൽ മാറ്റിയത്.