Friday, 24th January 2025
January 24, 2025

രഹനയ്ക്ക് ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പോലീസ്

  • November 25, 2019 11:50 am

  • 0

കൊച്ചി: ശബരില സന്ദര്‍ശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി പോലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്.

30 വയസുള്ള രഹന ഫാത്തിമ കഴിഞ്ഞ ഒക്ടോബറില്‍ പോലീസ് സംരക്ഷണയോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോരാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുപത്തുമുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് ആചാരപരമായ വിലക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ്, രഹന ശബരിമലയില്‍ പോകുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയും പോലീസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തത്.

ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്കുള്ള ആചാരപരമായ വിലക്ക് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നീക്കിയിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്ബിലെത്തിയത്. തുടര്‍ന്ന്, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിടുകയായിരുന്നു.

കോടതി കൃത്യമായി ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല കയറാന്‍ എത്തിയാല്‍ പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരും കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ പരാമര്‍ശം നടത്തിയത് വിവാദമാകുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. 2014ല്‍ കിസ് ഓഫ് ലവ് മൂവ്‌മെന്റില്‍ അംഗമായിരുന്നു രഹന ഫാത്തിമ.