Tuesday, 22nd April 2025
April 22, 2025

ദര്‍ശനം നടത്തും, സുരക്ഷ വേണം -രഹന ഫാത്തിമ

  • November 24, 2019 7:43 pm

  • 0

കൊച്ചി: മണ്ഡല കാലത്ത് ശബരിമല ദര്‍ശനം നടത്താന്‍ തനിക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. മല കയറാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസില്‍ രഹന ഫാത്തിമ അപേക്ഷ നല്‍കി.

ഇന്നലെ രാത്രിയാണ്‌ രഹന ഐജി ഓഫീസിലെത്തിയത്‌. ഇത്തവണ മല കയറുമെന്നും അതിനുള്ള അവകാശമുണ്ടെന്നുന്നും ഐജി ഓഫീസില്‍ നിന്നും മടങ്ങവേ രഹന മാധ്യമങ്ങളോട് പറഞ്ഞു. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്‌ന പറഞ്ഞു.

നവംബര്‍ 26 ജന്മദിനമാണെന്നും അന്ന് മാലയിടാമെന്നാണ് കരുതുന്നതെന്നും പറഞ്ഞ രഹന ഐജി ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത് കുടുംബവുമായാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പേടിയില്ലെന്നും ഇത്തവണ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഹ്‌ന പറഞ്ഞു.

നിയമവ്യവസ്ഥ അനുസരിച്ചാണ് താന്‍ പോകുന്നതെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നു൦ പറഞ്ഞ രഹന ഇക്കാര്യം തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ മണ്ഡലകാലത്ത് പോലീസ് സംരക്ഷണത്തില്‍ രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട സംഭവം വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നായിരുന്നു കേരള പോലീസ് സംരക്ഷണത്തില്‍ രഹ്ന ഫാത്തിമയുടെ വിവാദമായ ശബരിമല കയറ്റം.

രഹ്ന ഫാത്തിമയും പത്രപ്രവര്‍ത്തകയായ കവിതയും ഒക്ടോബര്‍ 19ന് പുലര്‍ച്ചെ വന്‍ പോലീസ് സംരക്ഷണത്തില്‍ ശബരിമല കയറുകയായിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ യാത്ര ആദ്യഘട്ടത്തില്‍ സുഗമമായി മുന്നേറിയെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെ സന്നിധാനത്ത് വെച്ച്‌ ഇരുവര്‍ക്കും വന്‍ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.