ഷഹ്‍ലയുടെ കുടുംബത്തിന് പത്തുലക്ഷംരൂപ നല്‍കണം
November 24, 2019 10:04 am
0
സുല്‍ത്താന്‍ബത്തേരി: സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലാസ്മുറിയില്‍നിന്ന് പാമ്ബുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര സഹായധനം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണകമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തിന് നല്‍കേണ്ട പത്തുലക്ഷംരൂപ, അധ്യാപകരും ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവരില്‍നിന്നും സര്‍ക്കാരിന് പിന്നീട് ഈടാക്കാവുന്നതാണ്.
അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണ് രണ്ട് മണിക്കൂറോളം ഷഹ്‍ലയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിന് കാരണമെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത് വളരെ ഗൗരവമേറിയതാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെപേരില്‍ ഐ.പി.സി. 304, ആര്‍.ഡബ്ല്യൂ. 34, ബാലനീതിനിയമം (2015) 75-ാം വകുപ്പ് എന്നിവപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെ ഷഹ്‍ലയുടെ പുത്തന്‍കുന്നിലെ വീട്ടിലെത്തി മാതാപിതാക്കളെയും സംഭവംനടന്ന ക്ലാസ്മുറിയും സഹപാഠികളെയും സന്ദര്‍ശിച്ച്, കമ്മിഷന്‍ മൊഴിയെടുത്തു. ഷഹ്‍ലയുടെ സഹപാഠികളടക്കമുള്ള സ്കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ കമ്മിഷന് മുന്നില്‍ മൊഴിനല്‍കാനെത്തിയിരുന്നു. ഇവരിലധികവും സ്കൂളിലെ അധ്യാപകരെക്കുറിച്ച് രൂക്ഷമായ പരാതികള്‍ ഉന്നയിച്ചുവെന്നാണ് വിവരം.