മാണി സി കാപ്പൻ തന്നെ പാലായിൽ . പ്രവർത്തനം സജീവമാക്കി ഇടതു ക്യാമ്പ് .
August 26, 2019 2:19 pm
0
കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ എൽഡിഎഫ് താഴേത്തട്ട് മുതല്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് മാണി സി കാപ്പൻ ഇടതു മുന്നണി സ്ഥാനാര്‍ഥി ആയേക്കും .
കാലങ്ങളായി എന്‍സിപിക്ക് നല്‍കിവരുന്ന പാലാ സീറ്റ് ഏറ്റടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. എൻസിപിയിലെ ചേരിപ്പോര് പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ഇടതു മുന്നണി ഇടപെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ പടലപിണക്കം മാറ്റിവച്ച് മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ഥിയാക്കാൻ എൻസിപിയിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ബുധനാഴ്ച എൻസിപി നേതൃയോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി തീരുമാനിക്കും. തുടര്‍ന്ന്, പാര്‍ട്ടി നിര്‍ദേശം ഇടതു മുന്നണിയിൽ അവതരിപ്പിക്കും .
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സിപിഎം പ്രവര്‍ത്തനം സജീമാക്കിയിട്ടുണ്ട്. സിപിഎം നേതൃയോഗങ്ങള്‍ പാലായില്‍ ചേര്‍ന്നു . മന്ത്രിമാര്‍ക്ക് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് ചുമതല നല്‍കി താഴേത്തട്ടിൽ ശക്തമായ പ്രവര്‍ത്തനത്തിനാണ് ഇടതു മുന്നണി ഒരുങ്ങുന്നത് . തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയിരുന്നു. ഇതേ വിജയം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് നേതാക്കള്‍.