Friday, 24th January 2025
January 24, 2025

കെ.എസ് ആര്‍.ടി.സി ജീവനക്കാരെ പെരുവഴിയില്‍ നിര്‍ത്തി മന്ത്രിമാരുടെ വിദേശയാത്ര

  • November 23, 2019 12:50 pm

  • 0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബള പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് വിദേശത്തേക്ക് പോകുന്നത്. എന്തിനേറെപ്പറയുന്നു പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ചര്‍ച്ച നടത്തുക പോലും ചെയ്യാതെയാണ് ഗതാഗതമന്ത്രി വിമാനം കയറിയത്.

ഒരാഴ്ചയായി ശമ്ബളത്തിനായി ഭരണകക്ഷി യൂണിയനുകള്‍ സമരം നടത്താന്‍ തുടങ്ങിയിട്ട്. സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്യാന്‍വരെ ശ്രമിച്ചിരുന്നു. സര്‍ക്കാരിനോട് അമ്ബത് കോടി ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി തോമസ് ഐസക് ഇതിനെക്കുറിച്ച്‌ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടുമില്ല.

ഇവരുടെ പ്രതിസന്ധിയെക്കുറിച്ച്‌ ചര്‍ച്ച നടത്താന്‍ രണ്ട് പ്രാവശ്യം മന്ത്രി തലത്തില്‍ ചര്‍ച്ച തീരുമാനിച്ചെങ്കിലും അതും നടന്നില്ല.പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച തൊഴിലാളി യൂണിയനുകളുടെ യോഗവും ശമ്ബളകാര്യത്തില്‍ തീരുമാനമാകാത്തത് കാരണം മാറ്റിവെക്കേണ്ടി വന്നു.

15ദിവസത്തെ ശമ്ബളം കിട്ടിയെങ്കിലും വായ്പ കുടിശികയിനത്തില്‍ മിക്ക ജീവനക്കാരുടെയും പൈസ ബാങ്കുകാര്‍ പിടിച്ചു. അടുത്തമാസം നാലാം തീയതിയെ ഗതാഗത മന്ത്രി തിരിച്ചെത്തുകയുള്ളു.അതുവരെ ചര്‍ച്ച നടക്കുകയുമില്ല. ചുരുക്കിപറഞ്ഞാല്‍ ശമ്ബളത്തിനായി നിരാഹാരം കിടക്കുന്ന ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായെന്ന് സാരം.
അതേസമയം ഡ്രൈവര്‍,​കണ്ടക്ടര്‍,​മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് ഇന്നും നാളെയുമായി ശമ്ബളം നല്‍കുമെന്ന് മാനേജ്മെന്റ് പറയുന്നുണ്ട്. എന്നാല്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സണ്ണി തോമസും ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പനും അറിയിച്ചു.