ആറ്റിങ്ങലുകാര്‍ക്ക് പുത്തന്‍ അനുഭവമായി മില്‍ക്ക് എ.ടി.എം
November 23, 2019 10:50 am
0
തിരുവനന്തപുരം: എ.ടി.എം എന്നാല്‍ ആറ്റിങ്ങലുകാര്‍ക്ക് ഇനിമുതല്‍ എനി ടൈം മണി മാത്രമല്ല, എനി ടൈം മില്‍ക്ക് കൂടിയാണ്. അതായത് ഏത് സമയത്തും പാല് വാങ്ങാവുന്ന കൗണ്ടര്‍. വെറും പാലല്ല, നല്ല ശുദ്ധമായ പശുവില്‍ പാല്‍ എടിഎം വഴി ആവശ്യത്തിന് അളവില്‍ കിട്ടും. സമയം നോക്കി കടയിലെത്തുകയോ പാല്‍ സൊസൈറ്റിക്കാരുടെ സൗകര്യം നോക്കി ക്യു നില്‍ക്കുകയോ വേണ്ടെന്നതാണ് ഏറ്റവും വലിയ ആശ്വാസം.
ക്ഷീര കര്‍ഷകരുടെ സംഘടനയായ മില്‍കോ ആറ്റിങ്ങല്‍ വീരളം ജംങ്ഷനിലാണ് മില്‍ക്ക് എടിഎം തുടങ്ങിയത്. സംസ്ഥാനത്തെ തന്നെ ആദ്യ പരീക്ഷണമാണ് ഇത്. പണമോ മില്‍കോ നല്‍കുന്ന കാര്‍ഡോ ഉപയോഗിച്ച് കൗണ്ടറില്‍ നിന്ന് പാല് അളന്ന് കിട്ടും. മില്‍കോയുടെ കാര്‍ഡാണ് കയ്യിലുള്ളതെങ്കില്‍ അത് റീ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും എടിഎം കൗണ്ടറില്‍ ലഭ്യമാണ്. പാല് കൊണ്ടു പോകുന്നതിന് കുപ്പിയോ പാത്രമോ ഉപഭോക്താക്കള്‍ കയ്യില്‍ കരുതണം. 500 ലിറ്ററാണ് എടിഎം കൗണ്ടറിന്‍റെ സംഭരണ ശേഷി. ക്ഷീര കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാണ് പദ്ധതിയെന്ന് മില്‍കോ ക്ഷീര കര്‍ഷക സംഘം സെക്രട്ടറി അനില്‍കുമാര്‍ പറയുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മില്‍ക്ക് കൗണ്ടര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ആറ്റിങ്ങലിലെ പദ്ധതിയുടെ വിജയം അനുസരിച്ച് മറ്റിടങ്ങളില്‍ കൂടി മില്‍ക് എടിഎമ്മുകള്‍ തുടങ്ങാനാണ് മില്‍കോയുടെ ആലോചന. എടിഎമ്മിന് തൊട്ടടുത്ത കൗണ്ടറില്‍ പാലുല്‍പന്നങ്ങളും ലഭ്യമാണ്.