Friday, 24th January 2025
January 24, 2025

സഹപാഠികള്‍ ഒത്തുചേര്‍ന്നു… അവള്‍ സുമംഗലിയായി

  • November 22, 2019 6:50 pm

  • 0

മേലാറ്റൂര്‍: അന്നത്തെ പത്താംക്ലാസ് പഠനത്തിന് ശേഷം പലവഴിക്കായി പിരിഞ്ഞുപോയവര്‍ വീണ്ടും തിരക്കുകള്‍ മാറ്റിവെച്ച്‌ ഒത്തുചേര്‍ന്നപ്പോള്‍ ശ്രീലത എന്ന സഹപാഠിക്ക് ലഭിച്ചത് പുതുജീവന്‍. 1993ല്‍ എസ്‌എസ്‌എല്‍സി പഠനം പൂര്‍ത്തിയാക്കിയവര്‍ വീണ്ടും അതേ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്നപ്പോഴാണ് കൂടെ പഠിച്ച ശ്രീലത വിവാഹിതയല്ലെന്ന് അറിഞ്ഞത്. ഇതോടെ സഹപാഠികള്‍ കൈക്കോര്‍ത്ത് പിടിച്ച്‌ ശ്രീലതയ്ക്ക് പുതിയൊരു ജീവിതം സമ്മാനിക്കാനായി വരനെ അന്വേഷിക്കാന്‍ ആരംഭിച്ചു. പിന്നീട് ആലോചനകള്‍ മുറുകി. ഒടുവില്‍ അവള്‍ക്ക് വരനെ കണ്ടെത്തി വിവാഹവും നടത്തി കൊടുത്താണ് സഹപാഠികള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിട്ടത്.

കീഴാറ്റൂരിലെ പരേതരായ കിഴക്കേലത്തൊടി അച്യുതന്‍കുട്ടി നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകള്‍ ശ്രീലതയാണ് സഹപാഠികളുടെ സ്‌നേഹകൂട്ടായ്മ കാരണം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്വെട്ടത്തൂര്‍ തേലക്കാട് പരുത്തി മന നാരായണന്‍ നമ്ബൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകന്‍ ഹരിയാണ് ശ്രീലതയുടെ വരന്‍.

മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1992 -93 വര്‍ഷത്തെ എസ്‌എസ് എല്‍സി ബാച്ചുകാരാണ് ശ്രീലതയും സുഹൃത്തുക്കളും. ഇവരുടെ കൂട്ടായ്മയായ ഓര്‍മ്മത്തണല്‍’93 ആണ് സഹപാഠിയെ സുമംഗലിയാക്കിയത്. ചെമ്മാണിയോട് ലൗ ലൈന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹച്ചടങ്ങില്‍ കൂട്ടായ്മയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പൂര്‍വ അധ്യാപകരും ഒത്തുകൂടി. വിഭവസമൃദ്ധമായ സദ്യ രുചിച്ച്‌ വധൂവരന്‍മാരെ ആശിര്‍വദിച്ച്‌ മടങ്ങുമ്ബോള്‍ കൂട്ടായ്മയുടെ ഓര്‍മ്മയ്ക്കായ് ഒരു വൃക്ഷത്തൈയും സുഹൃത്തുക്കല്‍ സമ്മാനിച്ചു.