Friday, 24th January 2025
January 24, 2025

സ്കൂളിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ ഒളി ക്യാമറ;

  • November 21, 2019 7:55 pm

  • 0

കോട്ടയം: മണിമല കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ ഒളി ക്യാമറ വെച്ച യുവാവിനെതിരെ പോക്സോ ആക്ട് പ്രകാരം കേസ്. മണിമല കറിക്കാട്ടൂർ ചാരുവേലി ഏറത്തേടത്തുള്ള വീട്ടിൽ ടോമിനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

മുഖം മറച്ചെത്തിയ യുവാവാണ് ഒരുമാസമായി പെൺകുട്ടികളുടെ ബാത്ത് റൂമിൽനിന്നും വീഡിയോ പകർത്തിയത്. എന്നാൽ രാഷ്ട്രീയക്കാരുടെയും സഭയുടെയും സ്വാധീനത്താൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. നവംബർ അഞ്ചിന് സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും നവംബർ 19നാണ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയുടെ അടുത്ത ബന്ധു ഭരണകക്ഷിയുടെ പ്രാദേശികനേതാവും മറ്റൊരു ബന്ധു വൈദികനുമാണ്. ആദ്യം പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും സ്കൂളിന് സമീപത്തെ കൃഷിസ്ഥലത്ത് കൈതച്ചക്ക കാണാൻ വന്നെന്ന് പറഞ്ഞു വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

മാസങ്ങളായി സ്കൂളിന് സമീപത്ത് യുവാവ് കറങ്ങിനടക്കുന്നുണ്ടായിരുന്നു. ഇക്കാലമത്രയും മൊബൈൽ ക്യാമറയിൽ ഇയാൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഈ മാസം ആദ്യമാണ് പെൺകുട്ടികളുടെ ബാത്ത് റൂമിന് സമീപം ഇയാൾ ക്യാമറയുമായി നിൽക്കുന്നത് സെന്‍റ് ജെയിംസ് സിഎംഐ ആശ്രമം വക കൃഷി സ്ഥലത്ത് ജോലി ചെയ്യുന്ന ജീവനക്കാർ കണ്ടത്. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ യുവാവിനെ പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുഖം മറച്ച നിലയിലായിരുന്നു യുവാവ്.