‘കാണേണ്ട രീതിയിൽ കാണണം’ എന്ന് അധ്യാപകൻ പറഞ്ഞതായി ആരോപണം
November 21, 2019 4:55 pm
0
തിരുവനന്തപുരം: ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറച്ചത് ചോദ്യം ചെയ്ത വിദ്യാർഥികളോട് അധ്യാപകൻ മോശമായി പെരുമാറിയതായി ആരോപണം. കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകനെതിരെ എംഎസ് സി സൈക്കോളജി ഒന്നാം വർഷ വിദ്യാർഥിനികളാണ് രംഗത്തെത്തിയിരിക്കുന്നത്. 26 വിദ്യാർഥികളില്‍ 24 പേരും ഇന്റേണൽ പരീക്ഷയിൽ തോറ്റിരുന്നു. ഇത് ചോദ്യം ചെയ്ത് അധ്യാപകൻറെ അടുത്ത് എത്തിയപ്പോൾ ‘വ്യക്തിപരമായി തന്നെ കാണേണ്ട രീതിയിൽ കാണണം‘ എന്ന് അധ്യാപകൻ പറഞ്ഞുവെന്നാണ് ആരോപണം.
വിദ്യാർഥിനികൾ വൈസ് ചാൻസലർക്ക് പരാതി നൽകിയതിനെ തുടർന്ന് സര്‍വകലാശാലയുടെ പ്രത്യേക സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് നാളെ സിൻഡിക്കറ്റ് പരിഗണിക്കും. അതേസമയം അധ്യാപകനെ പിരിച്ചു വിടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് സര്‍വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സേവ് സൈക്കോളജി സ്റ്റുഡന്‌റ് ഫോറം അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബർ 27 ന് നടന്ന ഇന്റേണൽ പരീക്ഷയുടെ മൂല്യനിർണയം ഈ മാസം സെമസ്റ്റർ പരീക്ഷയായിട്ടും പോലും ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വിദ്യാർഥികൾ അധ്യാപകനെ സമീപിച്ചു. പിറ്റേന്ന് തന്നെ ഇദ്ദേഹം ഉത്തരക്കടലാസുമായെത്തി. അപ്പോഴാണ് കൂട്ടത്തോടെ തോൽപ്പിച്ചുവെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. മറ്റെല്ലാ വിഷയങ്ങളിലും ജയിച്ച കുട്ടികളും തോറ്റവരിൽ ഉള്‍പ്പെട്ടിരുന്നു. മൂല്യ നിർണയം നടത്താതെ മാർക്ക് മാത്രം രേഖപ്പെടുത്തിയിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതിയുമായെത്തിയതോടെയാണ് അധ്യാപകന്റെ വിവാദ പരാമർശം.
പെരുമാറ്റദൂഷ്യത്തിന് മറ്റൊരു സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ അഭിമുഖം പോലും ഇല്ലാതെയാണ് ജോലിക്കെടുത്തതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.