Friday, 24th January 2025
January 24, 2025

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി

  • November 21, 2019 11:56 am

  • 0

ഷാഫി പറമ്ബിലിനെതിരായ പോലീസ് അതിക്രമത്തില്‍ തന്‍റെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി. നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്ത്. റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവരെയാണ് സ്പീക്കര്‍ ശാസിച്ചത്.

സ്പീക്കറുടെ നടപടിക്കെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. കൂടിയാലോചിക്കാതെയാണ് സ്പീക്കര്‍ നടപടിയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഏത് ചട്ടം നോക്കിയാണ് പോലീസ് തലതല്ലിപ്പൊളിച്ചതെന്നായിരുന്നു ഷാഫി പറമ്ബില്‍ എംഎല്‍എയുടെ പ്രതികരണം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താത്കാലികമായി നിര്‍ത്തിവെച്ചു.

യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനായി സ്പീക്കറുടെ ഡയസില്‍ കയറില്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. നടപടി അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം കാണിക്കണമെന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധങ്ങളോടുള്ള സ്പീക്കറുടെ പ്രതികരണം.

എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് നിയമസഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഷാഫി പറമ്ബില്‍ അടക്കമുള്ളവരെ മര്‍ദ്ദിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എംഎല്‍എക്കെതിരായ മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ ഷാഫി പറമ്ബിലിന് മര്‍ദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു.