ഉഴവൂരില്‍ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
November 21, 2019 9:40 am
0
ഉഴവൂര്‍: പെറ്റമ്മയുടെ അലിവില്ലാത്ത മാതൃഹൃദയങ്ങളുടെ കഥ തുടര്‍ക്കഥയാവുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വന്തം അമ്മ കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ ഉഴവൂരിനെ നടുക്കിയിരിക്കുന്നത്. ഉഴവൂര്‍ കരുനെച്ചിയില്‍ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംശയം തോന്നി വീടു പരിശോധിച്ച നാട്ടുകാരാണ് പെണ്‍കുട്ടിയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ സ്വന്തം അമ്മതന്നെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കു മനോദൗര്‍ബല്യമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കരുനെച്ചി ക്ഷേത്രത്തിനു സമീപത്തു വൃന്ദാവന്‍ ബില്‍ഡിങ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന എം.ജി. കൊച്ചുരാമന്‍ (കുഞ്ഞപ്പന്‍)സാലി ദമ്ബതികളുടെ മകള്‍ സൂര്യ രാമനെ(10)യാണ് താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. അരീക്കര ശ്രീനാരായണ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ഇവര്‍ കരുതി കൂട്ടി ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.
പെണ്‍കുട്ടിയെ ഇന്നലെ സ്‌കൂളിലേക്കും അയച്ചിരുന്നില്ല. ഇത് പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് കണക്കു കൂട്ടുന്നത്. ഇന്നലെ വൈകിട്ട് അഞ്ചിനാണു സംഭവം പുറത്തറിഞ്ഞത്. സൂര്യയുടെ സഹോദരന്‍ സ്‌കൂളില്‍ പോയി മടങ്ങി വന്നപ്പോള്‍ സാലി വീട്ടില്‍ കയറ്റാന്‍ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടി ബഹളം വെച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.സുരേഷിനെ വിവരം അറിയിച്ചു. സുരേഷും സമീപവാസികളും എത്തിയപ്പോള്‍ സൂര്യ ഉറങ്ങിയെന്നാണു സാലി പറഞ്ഞത്. പരിശോധനയില്‍ മുറിയിലെ കട്ടിലില്‍ സൂര്യയെ കണ്ടെത്തി. അനക്കമില്ലാതെ കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാലിയുടെ ഭര്‍ത്താവ് നെച്ചിപ്പുഴൂര്‍ കാനാട്ട് കൊച്ചുരാമന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. സംഭവം നടക്കുമ്ബോള്‍ സാലിയും സൂര്യയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. സൂര്യയെ ഇന്നലെ സ്‌കൂളില്‍ അയയ്ക്കാന്‍ സാലി സമ്മതിച്ചില്ലെന്നു സമീപവാസികള്‍ പറയുന്നു. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞാണു സ്‌കൂളില്‍ അയയ്ക്കാതിരുന്നതെന്നു പറയപ്പെടുന്നു. അരീക്കരയിലെ യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണു സൂര്യയുടെ സഹോദരന്‍ സ്വരൂപ്. കസ്റ്റഡിയിലെടുത്ത സാലിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറയുന്നതെന്നു പൊലീസ് പറഞ്ഞു. ടിവി കണ്ടതിനാണു കഴുത്തില്‍ ഷാള്‍ മുറുക്കിയതെന്നാണ് ആദ്യം പൊലീസിനോടു പറഞ്ഞതത്രേ.