‘ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് പറഞ്ഞ് പിരിഞ്ഞവരാണ് ഞങ്ങള്‍’
November 20, 2019 8:30 pm
0
‘മറിമായം‘ എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയരായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. താരങ്ങള്‍ക്ക് ആശംസയറിയിച്ചും ഭാവുകങ്ങള്‍ നേര്‍ന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ സ്‌നേഹയുടെയും മുന്‍ഭര്‍ത്താവിന്റെയും വിവാഹഫോട്ടോ വെച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ച പോസ്റ്റിന് താഴെയും അല്ലാതെയുമെല്ലാം ഇവരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായും സ്‌നേഹക്ക് ആശംസകളുമായും താരത്തിന്റെ ആദ്യ ഭര്‍ത്താവ് ദില്‍ജിത് എം ദാസ് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദില്‍ജിത്ത് ആശംസകള്‍ നേര്‍ന്നത്.പഴയ വിവാഹഫോട്ടോകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ വേദനിപ്പിക്കുന്നുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
ദില്‍ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റൈ പൂര്‍ണ്ണരൂപം ചുവടെ.
‘വിവാഹിതരാവുന്നു‘ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.
ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍ വിവാഹ മോചിതരാവുന്നത്, ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അതു വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹമോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.
സ്‌നേഹ വിവാഹിതയാകുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും, അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്കു ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.