Friday, 24th January 2025
January 24, 2025

മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍

  • November 20, 2019 5:00 pm

  • 0

സുള്ള്യ: മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍. കര്‍ണാടകയിലെ പുത്തൂര്‍ താലൂക്കിലെ കുരിയ ഹൊസ്മാറില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ശമിയാ ഭാനു(16) എന്നിവരാണു മരിച്ചത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബിയെ (65) ഗുരുതരമായി പരിക്കേറ്റ നിലയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു കരുതുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയാണു സംഭവം പുറത്തറിഞ്ഞത്. കൊഗ്ഗു സാഹിബിന്റെ പൂത്തൂരില്‍ താമസിക്കുന്ന മകന്‍ റസാഖ് വീട്ടിലെത്തിയപ്പോഴാണ് വരാന്തയില്‍ മൂവരേയും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടു വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ദക്ഷിണ കന്നഡ എസ് പി ബി എം ലക്ഷ്മി പ്രസാദ് ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കേസ് അന്വേഷണം ഇന്‍സ്‌പെക്ടര്‍ നാഗേഷ് കദ്രിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഖദീജാബീയുടെ പരിക്ക് ഗുരുതരമായതിനാല്‍ അവരില്‍ നിന്നും മൊഴി എടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊഗ്ഗു സാഹിബും ഭാര്യയും ഇവരുടെ മകളുടെ പുത്രി ശമിയാ ഭാനുവുമാണു വീട്ടില്‍ ഉണ്ടായിരുന്നത്. കൊഗ്ഗു സാഹിബിന്റെ മകള്‍ ഷക്കീല ഭാനുവിന്റെ മകളാണ് മരിച്ച ശമിയ ഭാനു. മംഗല്‍ പടുപ്പ് എം പി എം സ്‌കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശമിയ. കഴിഞ്ഞ ഒരു വര്‍ഷമായി ശമിയ ഭാനു മുത്തശ്ശിയുടേയും മുത്തച്ഛനുമൊപ്പമാണ് താമസം.

കൊഗ്ഗു സാഹിബിന് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. തിങ്കളാഴ്ച കമ്ബല്‍ പേട്ടുവില്‍ താമസിക്കുന്ന കൊഗ്ഗു സാഹിബിന്റെ ഇളയ മകള്‍ ഫാത്ത്വിമ മാതാവ് ഖദീജാബിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയ നിലയിലായിരുന്നു. ചൊവ്വാഴ്ച വിളിച്ചപ്പോള്‍ വീണ്ടും സ്വിച്ച്‌ ഓഫ് ആയ നിലയിലായിരുന്നു.

തുടര്‍ന്ന് സഹോദരന്‍ റസാഖിനെ വിളിച്ച്‌ വിവരം പറയുകയായിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ റസാഖ് കൊഗ്ഗു സാഹിബിന്റെ വീട്ടിലെത്തിയപ്പോഴാണ് പിതാവിനേയും മരുമകളേയും വരാന്തയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിനുള്ളില്‍ മുറിയിലാണ് കഴുത്തിലും കൈകളിലും പരിക്കേറ്റ നിലയില്‍ ഖദീജാബിയെ കാണുന്നത്.

ഞായറാഴ്ചയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. കൊലയ്ക്ക് ശേഷം കൊലപാതകികള്‍ തൊട്ടടുത്ത ബദ്രിയ മസ്ജിദിന് മുന്നില്‍ കൈ കഴുകിയതായും പോലീസ് സംശയിക്കുന്നു.