Wednesday, 22nd January 2025
January 22, 2025

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചു; 150ലേറെ പേർക്ക് പൊള്ളലേറ്റു, എട്ടു പേരുടെ നില ഗുരുതരം, 97 പേർ ചികിത്സയിൽ

  • October 29, 2024 10:05 am

  • 0

നീലേശ്വരം (കാസർകോട്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പുരക്ക് തീപിടിച്ച് വൻ അപകടം. 150ലേറെ പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 58 പേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ഗുരുതര പരിക്കേറ്റ ഷിബിൻ രാജ് (19), ബിജു (38), രതീഷ് (30), വിഷ്ണു‌ എന്നിവർ ചികിത്സയിലണ്. 50 ശതമാനം പൊള്ളലേറ്റ ഇവർ വെൻ്റിലേറ്ററിലാണ് കഴിയുന്നത്. കൂടാതെ, പ്രീതി (33), മകൾ പ്രാർഥന (നാല്) എന്നിവരും ഇവിടെ ചികിത്സയിലുണ്ട്. ഗുരുതര പൊള്ളലേറ്റവർ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മിംസ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലാണ് ചികിത്സയിലുള്ളത്.മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, പരിയാരം മെഡിക്കൽ കോളജ് അഞ്ചുപേർ, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ, കാഞ്ഞങ്ങാട് അരിമല ആശുപത്രി 3, മിംസ് ആശുപത്രി കണ്ണൂർ 18, മിംസ് ആശുപത്രി കോഴിക്കോട് 2, കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന്, ചെറുവത്തൂർ കെ.എ.എച്ച് ആശുപത്രി 2, കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5, മംഗലാപുരം എ.ജെ മെഡിക്കൽ കോളജ് 18 പേരും ചികിത്സയിലുണ്ട്.പരിക്കേറ്റവർ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, പരിയാരം മെഡിക്കൽ കോളജ് ആശുപത്രി, സഞ്ജീവനി ആശുപത്രി, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി, കാഞ്ഞങ്ങാട് അരിമാലാ ആശുപത്രി, മിംസ് കണ്ണൂർ, മിംസ് കോഴിക്കോട്, കെ.എ.എച്ച് ചെറുവത്തൂർ, കാഞ്ഞങ്ങാട് മൺസൂർ ആശുപത്രി, എ.ജെ മെഡിക്കൽ കോളജ്, ദീപ ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച അർധരാത്രി 12 മണിയോടെയാണ് അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ തീപ്പൊരി വീണാണ് സ്ഫോടനമെന്ന് പ്രാഥമിക വിവരം.തെയ്യം കാണാൻ മുമ്പിൽ നിന്നിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്. സ്ഫോടനശബ്ദം കിലോമീറ്ററുകൾക്കപ്പുറം കേൾക്കാമായിരുന്നു. അപകടത്തെ തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടം ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണും പലർക്കും പരിക്കേറ്റു.വടക്കൻ മലബാറിലെ ആദ്യ തെയ്യം ക്ഷേത്രമാണ് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം. ഹോസ്‌ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ നീലേശ്വരം വില്ലേജിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.