Wednesday, 22nd January 2025
January 22, 2025

അമ്പലപ്പുഴയിൽ കടൽക്ഷോഭം; അപ്രതീക്ഷിത കടൽകയറ്റം തീരവാസികളെ ഭീതിയിലാക്കി

  • October 17, 2024 10:50 am

  • 0

അമ്പലപ്പുഴ: അപ്രതീക്ഷിത കടൽക്കയറ്റം അമ്പലപ്പുഴയിലും പരിസര പ്രദേശങ്ങളിലും തീരവാസികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ പരിഗണിച്ച് പലരും ബന്ധുവീടുകളിൽ താത്കാലിക അഭയം പ്രാപിച്ചതിനാൽ ആളപായം ഒഴിവായത് ആശ്വാസകരമാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച കടൽക്ഷോഭം ബുധനാഴ്ചയും തുടരുകയാണ്. തിരമാലകൾ തീരപ്രദേശങ്ങളിലേക്ക് അടിച്ചുകയറി,തോട്ടപ്പള്ളി മുതൽ പുന്നപ്ര വരെയുള്ള പ്രദേശങ്ങൾ കടലിന്റെ ഭീഷണി നേരിടുന്ന നിലയിലാണ്.

കൂടുതൽ ദുരിതമനുഭവിച്ച പ്രദേശങ്ങളിൽ 50-ലേറെ വീടുകളിലേക്കാണ് കടലിന്റെ വെള്ളം കയറിക്കൂടിയത്. ചില വീടുകൾക്ക് കനത്ത തകർച്ചയും അനുഭവപ്പെട്ടു. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് തീരങ്ങളിലെ നാടൻവാസികൾ കടലിലെ കൂറ്റൻ തിരമാലകളാൽ വലിയ ഭീതിയിലാണ്.

തോട്ടപ്പള്ളി ഒറ്റപ്പന മുതൽ അമ്പലപ്പുഴ വടക്കിലെ നീർക്കുന്നം, വണ്ടാനം വരെയുള്ള തീരപ്രദേശങ്ങളിലാണ് വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമ്പലപ്പുഴ കോമന പുതുവൽ സജിത്, ഗോപിദാസ്, ഭാസുര എന്നിവരുടെ വീടുകൾക്കും മറ്റും കടലിന്റെ തിരമാലകൾ അടിച്ച് ജനൽപാളികൾ തകർന്നു.

നീർക്കുന്നം ചിറയിൽപടീട്ടത്തിൽ വിനോദ്, പുതുവൽ സബിത, പുപുഷ്പൻ, ഫിഷർമൻ കോളനിയിലെ രാജേന്ദ്രൻ, കാക്കാഴം പുതുവൽ സനൽ തുടങ്ങി അമ്പതിലേറെ വീടുകൾ കടൽക്ഷോഭത്തിന്റെ ഭീഷണി നേരിടുകയാണ്.