ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദയെയും പ്രതി ചേര്‍ക്കും
May 30, 2022 2:35 pm
0
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ക്കും . ബലാല്‍സംഗക്കേസിലാണ് പ്രതിയാക്കുന്നത്.ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നല്‍കും. എ.ജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കി.രണ്ടു സംഭവങ്ങളിലും വെവ്വേറെ കുറ്റപത്രമാണ് സമര്‍പിക്കുക.
പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണു പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
2017 മേയില്‍ പെണ്‍കുട്ടിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍വെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ തന്നെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും, ഇതോടെയാണ് ആക്രമിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നാണ് ഗംഗേശാനന്ദയ്‌ക്കെതിരെ കേസ് എടുത്തത്.
എന്നാല്‍ ഇതിനിടെ ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവര്‍ക്കെതിരെയും കേസ് എടുക്കുകയായിരുന്നു.എസ്. പി. പ്രകാശന്‍ കാണിയുടെ നേതൃത്വത്തില്‍ തയാറാക്കിയ കുറ്റപത്രം ക്രൈംബ്രാഞ്ച് മേധാവി അംഗീകരിച്ചാല്‍ അധികം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും.