Thursday, 23rd January 2025
January 23, 2025

സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ അംഗീകരിക്കില്ല: യുക്രൈന്‍

  • May 23, 2022 4:17 pm

  • 0

കിയെവ്: പ്രദേശം വിട്ട് നല്‍കിയുള്ള സമാധാന കരാര്‍ അംഗികരിക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുക്രൈന്‍ പുതിയ നിലപാട് വ്യക്തമാക്കിയത്.ഇളവുകള്‍ ഇതിലും വലിയതും രക്തരൂക്ഷിതമായതുമായ റഷ്യന്‍ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു.

കിഴക്ക് സെവെറോഡോനെറ്റ്‌സ്കിനെ പ്രതിരോധിക്കുന്ന യുക്രൈന്‍ സൈന്യത്തെ വളയാനുള്ള റഷ്യയുടെ ശ്രമം തുടരുന്നതിനിടെയാണ് പോഡോലിയാക് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം യുക്രൈനിയന്‍ പ്രതിരോധം തകര്‍ത്ത് രാജ്യത്തിന്റെ കിഴക്കന്‍ ലുഹാന്‍സ്ക് മേഖലയിലെ ഭരണപരമായ അതിര്‍ത്തികളില്‍ എത്താന്‍ ശ്രമിക്കുകയാണെന്ന് യുക്രൈന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് അതിന്റെ ദൈനംദിന അപ്‌ഡേറ്റില്‍ പറഞ്ഞു. നാല് വ്യത്യസ്ഥ ദിശകളില്‍ നിന്ന് സെവെറോഡോനെറ്റ്സ്കിലേക്ക് കടക്കാന്‍ റഷ്യ ശ്രമിച്ചതായി ലുഹാന്‍സ്ക് റീജിയണല്‍ ഗവര്‍ണര്‍ സെര്‍ഹി ഹൈദായിയും പറഞ്ഞു.

ജനവാസ മേഖലകളില്‍ റഷ്യ ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നും ഈ ആക്രമണത്തില്‍ നഗരത്തിന്റെ അടുത്തുള്ള സിചാന്‍സ്കുമായി ബന്ധിപ്പിക്കുന്ന ഒരു പാലം തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ കിയെവില്‍ പാര്‍ലമെന്റിനെ നേരിട്ട് അഭിസംബോധന ചെയ്തു. യുക്രൈനിയക്കാര്‍ക്ക് മാത്രമേ തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ കഴിയൂ എന്നും യുക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ പോളണ്ടിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുക്രൈയ്നെ ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗമായി അംഗീകരിക്കാന്‍ 15 അല്ലെങ്കില്‍ 20 വര്‍ഷം വേണ്ടിവരുമെന്ന് ഫ്രാന്‍സിന്റെ യൂറോപ്പ് മന്ത്രി ക്ലെമന്റ് ബ്യൂണ്‍ ഞായറാഴ്ച ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു.

യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത തെക്കും കിഴക്കുമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ആക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യ ഇവിടങ്ങളില്‍ ആക്രമണം നിര്‍ത്തണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി വ്യാഴാഴ്ച തന്റെ രാജ്യത്തെ സെനറ്റിനോട് പറഞ്ഞു. എന്നാല്‍ ഈ നടപടി കൊണ്ട് യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് പോഡോലിയാക് പറഞ്ഞു. കുറച്ചു സമയത്തേക്ക് അക്രമത്തെ പിടിച്ചു നിര്‍ത്താന്‍‌ മാത്രമെ ഈ നടപടികൊണ്ട് സാധിക്കു. കൂടുതല്‍ ശക്തമായ ആക്രമണം വീണ്ടും നടക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യക്കാരും ഒരുപോലെ അം ഗികരിക്കുന്ന ഒരു കരാര്‍ യുദ്ധം അവസാനിപ്പിക്കാനായി നിര്‍മ്മിക്കണമെന്ന് യുക്രൈന്‍ പറഞ്ഞു.