
ആരോഗ്യനില മോശം; നവജ്യോത് സിംഗ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി
May 23, 2022 2:10 pm
0
പട്യാല: ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച മുതല്‍ സിദ്ദു ആഹാരം കഴിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുപ്പത്തിനാല് വര്‍ഷം മുമ്ബ് റോഡിലുണ്ടായ അടിപിടിയെ തുടര്‍ന്ന് ഒരാള്‍ മരിച്ച കേസിലാണ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഇരയുടെ കുടുംബം നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി വന്നത്.
1988 ഡിസംബര്‍ 27നാണ് പട്യാലയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിംഗ് എന്നയാള്‍ ചോദ്യംചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയുമായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഗുര്‍നാം മരിച്ചു. ഗുര്‍നാമിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാല്‍ ഇതിന് തെളിവില്ലെന്ന് സിദ്ദു വാദിച്ചിരുന്നു.
1999ല്‍ പഞ്ചാബ് സെഷന്‍സ് കോടതി കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് സുപ്രീംകോടതിയിലെത്തി. 2018ല്‍ സിദ്ദുവിന് 1000രൂപ പിഴ ചുമത്തി കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. എന്നാല്‍ ഈ വിധിക്കെതിരെ ഗുര്‍നാം സിംഗിന്റെ കുടുംബം പുന:പരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു.