രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 31വര്‍ഷത്തിന് ശേഷം മോചനം
May 18, 2022 12:26 pm
0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി. 31 വര്‍ഷത്തിന് ശേഷമാണ് ജയില്‍ മോചനം. 1991 ജൂണ്‍ 11നാണ് പേരറിവാളന്‍ അറസ്റ്റിലായത്.
2018ല്‍ പേരറിവാളന് മാപ്പ് നല്‍കി വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്മേല്‍ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്നാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരസന് സ്‌ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയതിനാണ് പേരറിവാളന്‍ ശിക്ഷിക്കപ്പെട്ടത്. 1998ല്‍ പേരറിവാളനടക്കം 26 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. തൊട്ടടുത്തവര്‍ഷം 19 പ്രതികളെ വെറുതെവിട്ടു. തുടര്‍ന്ന് പേരറിവാളന്‍ ദയാഹര്‍ജി നല്‍കി.
വധശിക്ഷ ഇളവുചെയ്യുന്നതിന് നല്‍കിയ ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതിന്റെ പേരിലാണ് പേരറിവാളന്റെ ശിക്ഷ 2014ല്‍ ജീവപര്യന്തമാക്കി കുറച്ചത്. 26 വര്‍ഷത്തെ തുടര്‍ച്ചയായ ജയില്‍വാസത്തിന് ശേഷം 2017 ജനുവരി 24 നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. ഏറ്റവും അവസാനമായി പരോളിലിറങ്ങിയത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്.