പിഎസ്‌സി പരീക്ഷയ്ക്ക് ഒടിപി കർശനമാക്കുന്നു
November 19, 2019 9:55 am
0
പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികൾ സ്ഥിരീകരണം നൽകുന്നത് ഒടിപി (വൺ ടൈം പാസ്‌വേഡ്) മുഖേനയാക്കും.
അതിന് 10 മിനിറ്റ് സമയസാധുതയുള്ള ഒടിപി അനുവദിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽനിന്നു കൂട്ടമായി സ്ഥിരീകരണം നൽകുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഓരോ ഉദ്യോഗാർഥിയും നേരിട്ട് ഇതു ചെയ്യാൻ നിർബന്ധിതമാക്കുന്ന പുതിയ പരിഷ്കാരം.
വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കു നിയമന ശുപാർശ ചെയ്ത ഉദ്യോഗാർഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമായിരിക്കും 21, 22 തീയതികളിൽ നിയമന ശുപാർശ നേരിട്ടു കൈമാറുക. ഇതിലേക്കായി ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക്് ചെയ്യുകയും ആധാർ ഹാജരാക്കുകയും ചെയ്യണം.
ഒറ്റത്തവണ പ്രമാണ പരിശോധന, നിയമന പരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ നടത്തുന്ന സന്ദർഭങ്ങളിൽ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ഉദ്യോഗാർഥികളുടെ തിരിച്ചറിയൽ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.
സർക്കാർ സർവീസിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്നവർക്കും ഏതെങ്കിലും വകുപ്പിൽ പ്രബേഷൻ പൂർത്തിയാക്കിയവർക്കും കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചു സർക്കാരിനോടു വിശദീകരണം ചോദിക്കും.