Thursday, 23rd January 2025
January 23, 2025

ഡല്‍ഹിയില്‍ 991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച്‌ യൂനിയന്‍

  • May 7, 2022 12:03 pm

  • 0

ന്യൂഡല്‍ഹി: ശമ്ബള വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡല്‍ഹി സര്‍ക്കാര്‍ പിരിച്ചുവിട്ട 991 അങ്കണവാടി സ്ഥിരംജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡല്‍ഹി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍.

മേയ് ഒന്‍പതുമുതല്‍ ഡല്‍ഹി വനിതാശിശുവകുപ്പിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് യൂനിയന്‍ ജനറല്‍ സെക്രട്ടറി കമല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും പിരിച്ചുവിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബാംഗങ്ങളാണെന്നും ഇവര്‍ പറഞ്ഞു. നിയമവിരുദ്ധമായും ഏകപക്ഷീയമായും പിരിച്ചുവിട്ട എല്ലാ അങ്കണവാടി ജീവനക്കാരെയും ഹെല്‍പര്‍മാരെയും സര്‍ക്കാര്‍ തിരിച്ചെടുക്കണം. പ്രതിഷേധക്കാര്‍ക്കെതിരെ എസ്മ ചുമത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. 2022 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ മുടങ്ങിക്കിടക്കുന്ന വേതനം ഉടന്‍ നല്‍കണം.

ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അങ്കണവാടി ജീവനക്കാരുടെ പിരിച്ചുവിട്ടത്. ഇവരെ തിരിച്ചെടുക്കുമെന്ന ത്രികക്ഷി കരാറില്‍ നിന്ന് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പിന്മാറിയതായും യൂനിയന്‍ ആരോപിച്ചു. “ഇത് ജനാധിപത്യ ധാര്‍മികതയ്‌ക്കെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ യൂണിയന്‍ നടത്തുന്ന ശ്രമങ്ങളെ ശിശ​ുക്ഷേമ വകുപ്പ് അട്ടിമറിക്കുന്നു. ഈ നീക്കം തൊഴില്‍ സ്ഥിതി കൂടുതല്‍ വഷളാക്കും. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെയാണ് ഈ കരാര്‍ ലംഘനം വ്യക്തമാക്കുന്നത്” –അവര്‍ പറഞ്ഞു.

ഭിന്നശേഷിക്കാരും വിധവകളും അവിവാഹിതരും ഉള്‍പ്പെട്ട നിരവധി സ്ത്രീ തൊഴിലാളികളെ പീഡിപ്പിക്കുന്നതില്‍ എ..പി ഉറച്ചുനില്‍ക്കുകയാണ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ വേതനവും അങ്കണവാടികളുടെ വാടകയും നല്‍കിയിട്ടില്ലെന്നും കമല പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ യൂനിയന്‍ മുഖ്യമന്ത്രി കെജ്‌രിവാളിനെ കാണുമെന്നും വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുമെന്നും സിഐടിയു ഡല്‍ഹി ജനറല്‍ സെക്രട്ടറി അനുരാഗ് സക്‌സേന പറഞ്ഞു. ‘അംഗന്‍വാടി ജീവനക്കാരെയും ഹെല്‍പ്പര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിട്ട സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവം ഡല്‍ഹിയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം അംഗീകരിക്കില്ല. ഈ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മുഖം യൂനിയന്‍ അഴിച്ചുമാറ്റും” –സക്‌സേന പറഞ്ഞു.

കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ വാട്സാപ്പിലൂടെയാണ് പിരിച്ചുവിടല്‍ അറിയിച്ചു കൊണ്ടുള്ള രേഖ കൈമാറിയതെന്ന് കമല പറഞ്ഞു. ഡല്‍ഹിയിലാകെ 11,000 അങ്കണവാടികളാണുള്ളത്. ഇതില്‍ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമായി 22,000 പേര്‍ ജോലിചെയ്യുന്നുണ്ട്. വര്‍ക്കര്‍മാര്‍ക്ക് പതിനായിരം രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് അയ്യായിരം രൂപയുമാണ് വേതനം.